റോം∙: ഇറ്റാലിയൻ പാസ്ത കയറ്റുമതിക്കാർ യുഎസിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഉൽപന്നങ്ങൾ പിൻവലിക്കാൻ തയാറെടുക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ. പുതുവർഷത്തിൽ 107 ശതമാനം താരിഫ് വർധന പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിപണി ഉപേക്ഷിക്കാനാണത്രെ ഇറ്റാലിയൻ പാസ്ത കമ്പനികളുടെ തീരുമാനം.
ഉയർന്ന താരിഫിൽ യുഎസിൽ ബിസിനസ് ചെയ്യുന്നത് ഗുണകരമാകില്ലെന്നാണ് ഇറ്റാലിയൻ പാസ്ത കയറ്റുമതിക്കാർ വിലയിരുത്തുന്നത്. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ യൂറോപ്യൻ കാർഷിക-ഭക്ഷ്യ ഇറക്കുമതികളിൽ നിലവിലുള്ള 15 ശതമാനം പൊതുതാരിഫിന് പുറമേ ഇറ്റലിയിലെ ഏറ്റവും വലിയ 13 പാസ്ത കയറ്റുമതിക്കാർക്ക് 91.74 ശതമാനം അധിക തീരുവ ചുമത്താനാണ് വാഷിങ്ടൻ പദ്ധതിയിടുന്നത്.
2023 ജൂലൈ മുതൽ 2024 ജൂൺ വരെ പ്രമുഖ ഇറ്റാലിയൻ പാസ്ത കമ്പനികൾ കുറഞ്ഞ വിലയ്ക്ക് പാസ്ത വിറ്റതായി യുഎസ് വാണിജ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണത്രെ ഉയർന്ന തീരുവകൾ ചുമത്താൻ തീരുമാനിച്ചത്. എന്നാൽ ഇറ്റാലിയൻ കമ്പനികൾ അമേരിക്കയുടെ ആരോപണങ്ങൾ നിഷേധിക്കുകയും യുഎസ് സർക്കാരിന്റെ പ്രാഥമിക കണ്ടെത്തലുകളെ എതിർക്കുകയും ചെയ്തു. ഈ തീരുമാനം വെറും വിലപ്രശ്നം മാത്രമല്ലെന്നും പാസ്ത നിർമ്മാതാക്കൾ സംശയിക്കുന്നുണ്ട്.



