വാഷിങ്ടൺ: ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനി ‘ഇന്ത്യൻ ജനതയെ വെറുക്കുന്നു’ എന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപിന്റെ ആരോപണത്തിനു മറുപടിയുമായി ബ്രിട്ടീഷ്-അമേരിക്കൻ പത്രപ്രവർത്തകൻ മെഹ്ദി ഹസൻ.
‘ഫോക്സ് ന്യൂസി’ന് നൽകിയ ഒരു അഭിമുഖത്തിൽ എറിക് മംദാനിയെ വിമർശിക്കുകയും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നയാളെന്നും ഇന്ത്യൻ ജനതയെയും ജൂത ജനതയെയും വെറുക്കുന്നയാളുമെന്നും ഇകഴ്ത്തിയിരുന്നു. മംദാനിയുടെ ‘സോഷ്യലിസ്റ്റ്’, ‘കമ്യൂണിസ്റ്റ്’ പ്രത്യയശാസ്ത്രത്തിനെതിരെയും ട്രംപിന്റെ രണ്ടാമത്തെ മകൻ വിമർശിച്ചു.
എന്നാൽ, എറിക് ട്രംപിന്റെ പരാമർശത്തിനെതിരെ ഹസൻ പ്രതികരിച്ചു. ‘എക്സി’ൽ അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ട്. ‘സൊഹ്റാൻ മംദാനി ഇന്ത്യക്കാരനാണ്. ഇതൊക്കെ കൊണ്ടാണ് എറിക്കിനെ അവർ ഏറ്റവും മണ്ടൻ മക്കളിലൊരാളെന്ന് വിളിക്കുന്നത്’- എന്ന് അദ്ദേഹം എഴുതി. ഇതൊന്നും അറിയാത്തയാളാണ് എറിക്ക് എന്ന് വ്യംഗമായി പരിഹസിക്കുകയായിരുന്നു ഹസൻ ആ പോസ്റ്റിലൂടെ.
ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര സംവിധായിക മീര നായരുടെ മകൻ സൊഹ്റാൻ മംദാനി നവംബർ 4 ന് നടന്ന ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ 1,036,051 വോട്ടുകൾ നേടി വിജയിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. അതായത് മൊത്തം വോട്ടിന്റെ 50.4 ശതമാനം.
ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മുസ്ലിം മേയറും ഒരു നൂറ്റാണ്ടിനിടെ ഈ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആണ് അദ്ദേഹം.



