ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിൽ പൈലറ്റ് മരിച്ചു.
സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിച്ചു. ഇതേത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി.
ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് സംഭവം. കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിക്കുന്ന തേജസ് യുദ്ധവിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക.



