വാഷിങ്ടൺ: ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണ യുദ്ധവിമാനത്തിന്‍റെയും ഹെലികോപ്ടറിന്‍റെയും അവശിഷ്ടങ്ങൾ വീണ്ടെടുത്ത് അമേരിക്കൻ നാവികസേന. എഫ്/എ-18 സൂപ്പർ ഹോർണെറ്റ് യുദ്ധവിമാനത്തിന്‍റെയും എം.എച്ച്-60 സൈനിക ഹെലികോപ്റ്ററിന്‍റെയും അവശിഷ്ടങ്ങളാണ് ദക്ഷിണ ചൈനാ കടലിന്‍റെ അടിത്തട്ടിൽ നിന്ന് സൈനിക സംഘം കണ്ടെടുത്തത്. അവശിഷ്ടങ്ങൾ ചൈനക്ക് ലഭിച്ചാൽ തന്ത്രപ്രധാന സൈനിക സാങ്കേതികവിദ്യ ശത്രുരാജ്യത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യു.എസ് നാവികസേനയുടെ നടപടി.
മിലിറ്ററി സീലിഫ്റ്റ് കമാൻഡിന് കീഴിലുള്ള സേഫ്ഗാർഡ് ക്ലാസ് കപ്പലായ യുഎസ്എൻഎസ് സാൽവോർ (ടി-എആർഎസ് 52) ആണ് വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ നടത്തി അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് യു.എസ് ഏഴാം കപ്പൽപ്പടയുടെ കമാൻഡർ മാത്യു കോമർ അറിയിച്ചു. സമുദ്രത്തിന്‍റെ അടിത്തട്ടിൽ നിന്ന് 300 ടൺ അവശിഷ്ടങ്ങളാണ് സാൽവോർ കപ്പൽ വീണ്ടെടുത്തത്. പുതിയ പതിപ്പ് എഫ്/എ-18 യുദ്ധവിമാനത്തിന്‍റെ ഭാരം 33 ടണ്ണും എം.എച്ച്-60 ഹെലികോപ്റ്ററിന്‍റെ ഭാരം 11 ടണ്ണുമാണ്.
ഒക്ടോബർ 27നാണ് യു.എസിന്റെ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് നിമിറ്റ്സിൽ’ നിന്ന് പറന്നുയർന്ന യുദ്ധവിമാനവും ഹെലികോപ്ടറും 30 മിനിറ്റിന്റെ വ്യത്യാസത്തിൽ ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണത്. അപകടത്തിന് പിന്നാലെ യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരെയും ഹെലികോപ്ടറിലെ മൂന്ന് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെടുത്തു. രണ്ട് അപകടങ്ങളെ കുറിച്ചും യു.എസ് നാവികസേന അന്വേഷിച്ചു വരികയാണ്.



