വാഷിങ്ടൺ: പ്രൊഫഷനൽ ബിരുദ പ്രോഗ്രാമുകളുടെ കൂട്ടത്തിൽ നിന്ന് നഴ്സിങ് ബിരുദത്തെ യു.എസ് വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട് (ഒ.ബി.ബി.ബി) പാസായതോടെയാണിത്. 2026 ജനുവരി ഒന്നുമുതൽ പുതിയ നയം നടപ്പാകുന്നതാണ് തൊഴിൽമേഖലയിൽ കടുത്ത ആശങ്കയായത്. യു.എസിൽ ഡോക്ടർമാർക്ക് തുല്യമായ സേവനം നൽകുന്നവരാണ് നഴ്സുമാർ എന്നതിനാൽ പുതിയ നീക്കം പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നഴ്സിങ് പ്രാക്ടീഷണർക്കൊപ്പം ഫിസിഷ്യൻ അസിസ്റ്റന്റ്സ്, ഫിസിക്കൽ തെറാപ്പിസ്റ്റ് എന്നീ കോഴ്‌സുകളും പ്രൊഫഷനൽ കോഴ്സുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. നഴ്സിങ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ലഭിക്കുന്ന വായ്പാ തുകയെയും ബാധിക്കുന്ന നീക്കമാണിത്. പ്രൊഫഷനൽ പട്ടികയിലുള്ള കോഴ്സുകൾക്ക് പ്രതിവർഷം 50,000 ഡോളർ വരെയും ആകെ രണ്ടുലക്ഷം ഡോളർ വരെയും വായ്‌പ ലഭിക്കുമായിരുന്നു. നഴ്സിങ് പ്രൊഫഷനൽ കോഴ്സ് പട്ടികയിൽ നിന്ന് പുറത്തായതോടെ ലഭിക്കുന്ന വായ്പ പരിധി 20,500 ഡോളറായി കുറയുന്നതും വിദ്യാർത്ഥികൾ ആശങ്കയുണ്ടാക്കുന്നു. വായ്‌പ മുടങ്ങുന്നത് പഠനത്തെ സാരമായി ബാധിക്കും.
നഴ്സിങ് പ്രാക്ടീഷണർ, നഴ്സ് അനസ്തെറ്റിസ്റ്റ് എന്നീ അഡ്വാൻസ്ഡ് നഴ്സിങ് കോഴ്സുകളെയും തീരുമാനം ബാധിക്കും. അഡ്വാൻസ്ഡ് നഴ്സിങ് പ്രാക്ടീസിങ് കൂടുതൽ ചെലവേറിയതായി മാറുമെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ കണക്കുക്കൂട്ടൽ. നഴ്സിങ് മേഖലയിൽ യു.എസിൽ വലിയ തൊഴിൽ ക്ഷാമത്തിനും ഇടയാക്കുമെനും അമേരിക്കൻ നഴ്സസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. 2024ലെ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് 267,000 ലേറെ വിദ്യാർഥികളാണ് ബാച്ചിലർ ഓഫ് സയൻസ് ഇൻ നഴ്സിങ്(ബി.എസ്.എൻ)കോഴ്സിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രൊഫഷനൽ കോഴ്സുകളുടെ പുതിയ പട്ടിക പുറത്തിറക്കിയതിൽ ഉൾപ്പെട്ട കോഴ്‌സുകൾ മെഡിസിൻ, ഫാർമസി, ഡെന്റിസ്ട്രി, ഓപ്റ്റോമെട്രി, നിയമം, വെറ്ററിനറി മെഡിസിൻ, ഓസ്റ്റിയോപതിക് മെഡിസിൻ, പോഡിയാട്രി, ചിരോപ്രാക്റ്റിക്, തിയോളജി, ക്ലിനിക്കൽ സൈക്കോളജി എന്നിവയാണ്.



