ധാക്ക: വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന കുറ്റത്തിന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ച മുൻ പ്രധാനമന്ത്രി ഷൈഖ് ഹസീനയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യക്ക് വീണ്ടും നോട്ടീസയച്ച് ബംഗ്ലാദേശ്. ജൂലൈയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ അധികാരം നഷ്ടമായ ഹസീന 2024 ആഗസ്റ്റ് മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ബംഗ്ലാദേശ് വിദേശകാര്യ അഡ്വൈസർ തൗഹീദ് ഹുസൈനാണ് ഹസീനയെ നാടുകടത്താൻ ആവശ്യപ്പെട്ട് ഇന്ത്യക്ക് വീണ്ടും നോട്ടീസ് അയച്ചത്. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷൻ വഴിയാണ് കത്ത് കൈമാറിയത്. ബംഗ്ലാദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഖലീലുർ റഹ്മാൻ ഡൽഹിയിൽ നിന്ന് ബംഗ്ലാദേശിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഇത് മൂന്നാംതവണയാണ് ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യക്ക് നോട്ടീസയക്കുന്നത്. 2024 ഡിസംബറിലാണ് ആദ്യമായി സമാനരീതിയിലുള്ള നോട്ടീസ് കൈമാറിയത്.
അതുപോലെ മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെ വിട്ടുകിട്ടണമെന്നും ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ട്രൈബ്യൂണൽ അസദുസ്സമാനും വധശിക്ഷി വിധിച്ചിട്ടുണ്ട്. പ്രക്ഷോഭാനാന്തരം ഇദ്ദേഹവും ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുകയാണ്. അതേസമയം, കുറ്റം ഏറ്റുപറഞ്ഞ മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂന്റെ ശിക്ഷ അഞ്ചുവർഷമായി കുറക്കുകയും ചെയ്തിരുന്നു.
കുറ്റവാളികളായ ആളുകളെ വിട്ടുനൽകണമെന്നാണ് ഇന്ത്യയുമായുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പറയുന്നതെന്നും ബംഗ്ലാദേശ് ഓർമിപ്പിച്ചു. മാനവരാശിക്കെതിരെ കുറ്റകൃത്യങ്ങൾ നടത്തിയവർക്ക് അഭയം നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാർദബന്ധത്തിന് അനുകൂലമായ നടപടിയല്ലെന്നും നീതിക്ക് നിരക്കാത്തതാണെന്നും ബംഗ്ലാദേശ് വിദേശ കാര്യമന്ത്രാലയം ഓർമപ്പെടുത്തി. ബംഗ്ലാദേശിന്റെ ആവശ്യത്തോട് കരുതലോടെയാണ് ഇന്ത്യ നീങ്ങുന്നത്.



