ബെയ്ജിങ്: അരുണാചലിൽ നിന്നുളള യാത്രക്കാരിയെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവെച്ച് ഉപദ്രവിച്ചുവെന്ന ആരോപണം നിഷേധിച്ച് ചൈന. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു വിമർശനമുന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ നിഷേധം.
നവംബർ 21ന് യു.കെ ആസ്ഥാനമായുള്ള ഇന്ത്യൻ പൗരനായ പെമ വാങ്‌ജോം തോങ്‌ഡോക്കിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്, അതിർത്തി പരിശോധനാ ഉദ്യോഗസ്ഥർ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു.
‘ചൈനയുടെ അതിർത്തി പരിശോധനാ അധികാരികൾ മുഴുവൻ പ്രക്രിയയും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുവെന്നും, ബന്ധപ്പെട്ട വ്യക്തിയുടെ നിയമപരമായ അവകാശങ്ങളും താൽപര്യങ്ങളും പൂർണമായും സംരക്ഷിച്ചുവെന്നും ഞങ്ങൾ മനസ്സിലാക്കി. സ്ത്രീ ആരോപിക്കുന്നതുപോലെ നിർബന്ധിത നടപടികൾക്കോ തടങ്കലിനോ പീഡനത്തിനോ വിധേയയായിട്ടില്ല’ എന്നും വക്താവ് പറഞ്ഞു. എയർലൈൻ അവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സ്ഥലം നൽകിയതായും മാവോ നിങ് പറഞ്ഞു.
സാങ്‌നാൻ ചൈനയുടെ പ്രദേശമാണ്. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച അരുണാചൽ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈനയുടെ പ്രദേശികമായ അവകാശവാദങ്ങൾ ആവർത്തിച്ചുകൊണ്ട് മാവോ പറഞ്ഞു.



