അജു വാരിക്കാട്
മലയാളി അസോസിയേഷ ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-ലേക്കുള്ള തിരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിൽ നിന്ന് പ്രമുഖ സാമൂഹ്യപ്രവർത്തകയും ഐ.ടി വിദഗ്ധയുമായ ബനീജ ചെറു ജനവിധി തേടുന്നു.
മെമ്മോറിയൽ ഹെർമൻ ഹെൽത്ത് സിസ്റ്റത്തിൽ ഐ.ടി ക്ലിനിക്കൽ സൊല്യൂഷൻസ് സീനിയർ മാനേജറായി പ്രവർത്തിക്കുന്ന ബനീജയ്ക്ക്, നേതൃരംഗത്ത് 25 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിലും ആത്മീയ-സാമൂഹ്യ സേവന രംഗങ്ങളിൽ ഇവർ സജീവമാണ്. ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗവും സൺഡേ സ്കൂൾ അധ്യാപികയുമായ ബനീജ, ദീർഘകാലം പാരിഷ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിറോ മലബാർ കത്തോലിക്കാ സഭ (SMCC) ഷിക്കാഗോ രൂപതയുടെ നാഷണൽ കമ്മിറ്റി അംഗം കൂടിയാണിവർ. തൃശ്ശൂർ അസോസിയേഷൻ, എച്ച്.എം.സി (HMC) എന്നിവയിൽ അംഗമായ ബനീജ, ഹൂസ്റ്റൺ ഫുഡ് ബാങ്ക് ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വോളന്റിയറായും പ്രവർത്തിക്കുന്നു. പ്രചോദനാത്മകമായ വ്യക്തിത്വത്തിന് ഉടമയായ ബനീജയുടെ സാന്നിധ്യം ‘ടീം യുണൈറ്റഡിന്’ മുതൽക്കൂട്ടാണ്.
തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, അനില സന്ദീപ്, ഡോ. സുബിൻ ബാലകൃഷ്ണൻ തുടങ്ങിയവർ അണിനിരക്കുന്നു. 2025 ഡിസംബർ 13-ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



