Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeArticlesനന്ദി എന്ന പുണ്യദിനം: അമേരിക്കൻ ജീവിതത്തിന്റെ ഹൃദയം (പി.പി. ചെറിയാൻ)

നന്ദി എന്ന പുണ്യദിനം: അമേരിക്കൻ ജീവിതത്തിന്റെ ഹൃദയം (പി.പി. ചെറിയാൻ)

പഴയ സ്മരണകൾക്ക് വീണ്ടും ജീവൻ നൽകിക്കൊണ്ട് മറ്റൊരു താങ്ക്‌സ്‌ഗിവിങ് ദിനം കൂടി എത്തിയിരിക്കുന്നു. ജീവിതത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും അനുഭവിച്ചറിഞ്ഞ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും നന്ദിയുടെ പുഷ്പങ്ങൾ അർപ്പിക്കാൻ വേണ്ടി മാത്രം വേർതിരിക്കപ്പെട്ട സുപ്രധാനമായ ഒരു ദേശീയ ദിനം.

അമേരിക്കൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഈ ആഘോഷം, കേവലം ഒരു അവധി ദിനം എന്നതിലുപരി, ഒത്തുചേരലിൻ്റെയും കൃതജ്ഞതാബോധത്തിൻ്റെയും പ്രതീകമാണ്.

1621 ഒക്ടോബറിൽ ബ്രിട്ടീഷ് കുടിയേറ്റക്കാരും തദ്ദേശീയരായ വംശജരും ചേർന്നാണ് ആദ്യത്തെ താങ്ക്‌സ്‌ഗിവിങ് ആഘോഷിച്ചതെന്നു കരുതപ്പെടുന്നു. കൃഷിയുടെ സമൃദ്ധമായ വിളവെടുപ്പിനുശേഷം ദൈവത്തിന് നന്ദി പറയാൻ കർഷകർ ഒരുമിച്ചുകൂടിയിരുന്ന പുരാതനമായ ആചാരത്തിൻ്റെ തുടർച്ചയാണിത്.

ഓരോ വർഷവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ച മുടങ്ങാതെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. 1863 ഒക്ടോബർ 3-ന് പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഇത് രാജ്യവ്യാപകമായി ആചരിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടർന്ന് 1941-ൽ യു.എസ്. കോൺഗ്രസ് പ്രമേയത്തിലൂടെ ഇതിന് നിയമപരമായ അംഗീകാരം നൽകി.

ഈ ദിനം അമേരിക്കക്കാർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ജീവിതാനുഭവമാണ്.

നന്ദിസൂചകമായ പ്രാർത്ഥനകൾ, വിശാലമായ തീൻമേശകൾ, ഇഷ്ടപ്പെട്ട വിഭവങ്ങൾ, പ്രിയപ്പെട്ടവരുടെ ഊഷ്മളമായ ഒത്തുചേരലുകൾ എന്നിവ താങ്ക്‌സ്‌ഗിവിങ് ദിനത്തെ അവിസ്മരണീയമാക്കുന്നു.

ലക്ഷക്കണക്കിന് ടർക്കികൾ ഈ ദിനത്തിൽ വിരുന്നുകളിലെ പ്രധാന വിഭവമായി മാറുന്നു. ടർക്കിയില്ലാത്ത താങ്ക്‌സ്‌ഗിവിങ് ഒരു അമേരിക്കൻ കുടുംബത്തിന് ചിന്തിക്കാൻ കഴിയില്ല.

വ്യാഴാഴ്ചയ്ക്ക് ശേഷം വരുന്ന വെള്ളിയാഴ്ച ബ്ലാക്ക് ഫ്രൈഡേ എന്ന പേരിൽ അറിയപ്പെടുന്നു. അതോടെ ക്രിസ്മസ് ആഘോഷങ്ങൾക്കും ഷോപ്പിംഗിനുമുള്ള ഒരുക്കങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നു.

താങ്ക്‌സ്‌ഗിവിങ്, അമേരിക്കയിലും കാനഡയിലും മാത്രമല്ല, ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശമുയർത്തി ആഘോഷിക്കപ്പെടുന്നു. മഹാമാരിയുടെ കാലത്ത് അൽപ്പം നിറം മങ്ങിയെങ്കിലും, ഇപ്പോൾ പൂർവ്വാധികം അടുക്കും ചിട്ടയോടുംകൂടി ഈ പുണ്യദിനം ആഘോഷിക്കപ്പെടാൻ ഒരുങ്ങുന്നു.

നമുക്ക് ജീവിതം അനുകൂലമാക്കി തന്ന ദൈവത്തിനും, ഈ മണ്ണിൽ പുതിയ ജീവിതം തുടങ്ങാൻ സഹായിച്ച എല്ലാവർക്കും നന്ദി പറയാനുള്ള സുവർണ്ണാവസരമാണിത്. പ്രതീക്ഷകളുടെ ചിറകിലേറി, ശുഭകരമായ ഒരു നാളേക്ക് വേണ്ടി കാത്തിരിക്കുന്ന ഈ ദിനം ഓരോ ഹൃദയത്തിലും സന്തോഷം നിറയ്ക്കട്ടെ.

“ദൈവ സ്നേഹം വര്ണിച്ചിടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോരാ.”

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments