ജകാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും തായ്‍ലൻഡിലും കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്തോനേഷ്യയിൽ മാത്രം 61 പേർ കൊല്ലപ്പെട്ടു.
100ൽ ഏറെ പേരെ കാണാതായതായും ദേശീയ ദുരന്ത നിയന്ത്രണ ഏജൻസി അറിയിച്ചു. തിങ്കളാഴ്ച മുതൽ മേഖലയിൽ ശക്തമായ മഴയാണ്. വടക്കൻ സുമാത്രയിലെ നദികളെല്ലാം കരകവിഞ്ഞിട്ടുണ്ട്. രണ്ടായിരത്തിലധികം വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരാനുള്ള സാധ്യതകൾ മുൻനിർത്തി കൃത്രിമമായി മഴ തടയാനുള്ള മാർഗങ്ങൾ ആരായുകയാണ് ഇന്തോനേഷ്യൻ സർക്കാർ.
തായ്‍ലൻഡിലും മിന്നൽ പ്രളയത്തിൽ വ്യാപക ആൾനാശമുണ്ടായി. 55ഓളം പേർ ഇവിടെ കൊല്ലപ്പെട്ടതായാണ് സർക്കാർ റിപ്പോർട്ട്. രാജ്യത്തെ തെക്കൻ മേഖലയിലെ ഒമ്പതോളം പ്രവിശ്യയിൽ തുടർന്ന ശക്തമായ മഴയാണ് മിന്നൽ പ്രളയത്തിന് വഴിവെച്ചത്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും, പ്രളയ ബാധിതർക്ക് 20ഓളം ഹെലികോപ്റ്ററുകളും ട്രക്കുകളും ഉപയോഗിച്ച് ഭക്ഷണ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.



