ഓട്ടവ : ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ തീരുമാനം. വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് കാനഡ. രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവരടക്കമുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണ് പുതിയ നടപടി.
2026-ൽ 408,000 സ്റ്റഡി പെർമിറ്റുകളായിരിക്കും നൽകുകയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. 2025 ലെ 437,000 എന്ന സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും ഏഴു ശതമാനവും 2024 ലെ 485,000 സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും 16 ശതമാനവും കുറവുമാണിത്. ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ 2026-2028 ൽ വ്യക്തമാക്കിയിരുന്നതുപോലെ വരുന്ന വർഷം നൽകുന്ന 408,000 സ്റ്റഡി പെർമിറ്റുകളിൽ 155,000 എണ്ണം പുതുതായി വരുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്കായി നീക്കിവയ്ക്കും. ശേഷിക്കുന്ന സ്റ്റഡി പെർമിറ്റുകൾ (253,000) നിലവിലുള്ളതും മടങ്ങിവരുന്നതുമായ വിദ്യാർത്ഥികൾക്കുമായിരിക്കും.



