അജു വാരിക്കാട്
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026-ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിൽ നിന്ന് വനിതാ പ്രതിനിധിയായി (Women Representative) അമ്പിളി ആന്റണി ജനവിധി തേടുന്നു.
ഔദ്യോഗിക ജീവിതത്തോടൊപ്പം കലാ-സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് അമ്പിളി ആന്റണി. എം.ഡി ആൻഡേഴ്സൺ (MD Anderson) കാൻസർ സെന്ററിൽ റജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന ഇവർ, ഹൂസ്റ്റണിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയാണ്. ആശാ റേഡിയോയിലെ (Asha Radio) റേഡിയോ ജോക്കിയായും, വേദികളെ കൈയിലെടുക്കുന്ന പ്രൊഫഷണൽ എംസിയായും (Emcee) അമ്പിളി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിലെയും തൃശ്ശൂർ അസോസിയേഷനിലെയും സജീവ അംഗമാണ്. ആശയവിനിമയത്തിനുള്ള അസാധാരണ പാടവവും, പൊതുസേവനത്തോടുള്ള അഭിനിവേശവും അമ്പിളിയുടെ സ്ഥാനാർത്ഥിത്വത്തിന് മാറ്റുകൂട്ടുന്നു. കലയെയും സാമൂഹ്യ സേവനത്തെയും ഒരുപോലെ സ്നേഹിക്കുന്ന അമ്പിളിയുടെ കടന്നുവരവ് ‘ടീം യുണൈറ്റഡിന്’ പുതിയ ഊർജ്ജം പകരുന്നു.
തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയ പ്രഗത്ഭർ അണിനിരക്കുന്നു. 2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



