വാഷിങ്ടൻ: മയക്കുമരുന്ന് കടത്തുകാർക്കെതിരായ നടപടിയുടെ പേരിൽ കരീബിയൻ കടലിൽ യു.എസ് സൈന്യം നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി വാഷിങ്ടൺ പോസ്റ്റ്. ‘എല്ലാവരെയും കൊന്നുകളയാൻ’ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്‌സെത്ത് ആക്രമണത്തിന് വാക്കാലുള്ള ഉത്തരവ് നൽകിയെന്നാണ് റിപ്പോർട്ട്. ഓപറേഷനെക്കുറിച്ച് നേരിട്ട് അറിവുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചാണിത്.
സെപ്റ്റംബർ 2 നാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾ നടന്നത്. അതിനുശേഷവും നാവികസേനയുടെ യുദ്ധക്കപ്പലുകളും ഒരു സ്റ്റെൽത്ത് വിമാനവും വിമാനവാഹിനിക്കപ്പലും കരീബിയൻ കടലിൽ സാന്നിധ്യം തുടരുന്നതിനിടയിലാണ് ഈ സംഭവം പുറത്തുവന്നത്. ബോട്ടുകൾക്കു നേരെയുള്ള ആക്രമണത്തിലൂടെ കരീബിയൻ രാജ്യമായ വെനസ്വേലയെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധത്തിനും ഭരണ അട്ടിമറിക്കും തുടക്കം കുറിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
ഹെഗ്‌സെത്തിന്റെ ഉത്തരവ് പാലിക്കുന്നതിനായി, ആക്രമണത്തിന് മേൽനോട്ടം വഹിച്ചിരുന്ന സ്‌പെഷൽ ഓപറേഷൻസ് കമാൻഡർ 11 പേരെ വഹിച്ചുകൊണ്ട് പോയ ബോട്ടിൽ ആക്രമണം നടത്താൻ ഉത്തരവിട്ടതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. തൽഫലമായി അതിലുണ്ടായിരുന്നു മുഴുവൻ പേരും കൊല്ലപ്പെട്ടു. അതിനുശേഷവും യു.എസ് മറ്റ് നിരവധി ബോട്ടുകൾ ആക്രമിച്ചുവെന്നും മാധ്യമ റിപ്പോർട്ട് വെളിപ്പെടുത്തി.
എന്നാൽ, റിപ്പോർട്ടിനെ വിമർശിച്ചുകൊണ്ട് ഹെഗ്സെത്ത് തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ രംഗത്തുവന്നു. ‘പതിവുപോലെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ പോരാടുന്ന നമ്മുടെ യോദ്ധാക്കളെ അപകീർത്തിപ്പെടുത്തുന്നതിനായി കൂടുതൽ കെട്ടിച്ചമച്ചതും പ്രകോപനപരവും അവഹേളിക്കുന്നതുമായ റിപ്പോർട്ടിങ് നടത്തുന്നുവെന്ന്’ ഹെഗ്‌സെത്ത് പറഞ്ഞു. ഈ ഫലപ്രദമായ ആക്രമണങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം മാരകമായ മയക്കുമരുന്ന് തടയുക, അമേരിക്കൻ ജനതയെ വിഷലിപ്തമാക്കുന്ന നാർക്കോ-ഭീകരരെ കൊല്ലുക എന്നിവയാണ്. ഞങ്ങൾ കൊല്ലുന്ന ഓരോ മയക്കുമരുന്ന് കടത്തുകാരനും ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബൈഡൻ തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു. ട്രംപ് ഭരണകൂടം അതിർത്തി അടച്ചുപൂട്ടി നാർക്കോ ഭീകരർക്കെതിരെ ആക്രമണം നടത്തി. ഞങ്ങൾ അവരെ നശിപ്പിക്കുകയാണെ’ന്നും ഹെഗ്‌സെത്ത് തുടർന്നു.



