വാഷിങ്ടൻ:∙ യുഎസിൽ ഹൃദയത്തിലെ അണുബാധ മൂലം 10 കുട്ടികൾ മരിച്ചതിനു കാരണം കോവിഡ് വാക്സീൻ ഉപയോഗമാകാമെന്ന് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) നിഗമനം. എഫ്ഡിഎ ജീവനക്കാർക്കു ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫിസർ വിനയ് പ്രസാദ് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.
2021–24 കാലത്തെ 96 മരണങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണു വിലയിരുത്തൽ. ഇതിനു പിന്നാലെ കോവിഡ് വാക്സീൻ വിതരണം 65 വയസ്സിൽ കൂടുതലുള്ളവർക്കും ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കും മാത്രമാക്കാൻ ആരോഗ്യ സെക്രട്ടറി റോബർട് എഫ്.കെന്നഡി ജൂനിയർ നിർദേശം നൽകി.
അതേസമയം, വിദഗ്ധാവലോകനം നടത്തി മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കാത്ത ഈ കണ്ടെത്തൽ ആധികാരികമല്ലെന്ന് വിമർശനം ഉയർന്നു. വാക്സീൻ വിരുദ്ധനാണ് റോബർട് എഫ്.കെന്നഡി. വിനയ് പ്രസാദ് വാക്സീൻ മേഖലയെപ്പറ്റി അറിവുള്ളയാളല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



