അജു വാരിക്കാട്
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026-ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിൽ നിന്ന് പ്രമുഖ സാമൂഹ്യ-കായിക സംഘാടകനായ വിനോദ് ചെറിയാൻ ജനവിധി തേടുന്നു.
1994 മുതൽ മാഗ് അംഗമായ വിനോദ് ചെറിയാൻ, മൂന്ന് പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമാണ്. 2022-ൽ മാഗ് ബോർഡ് ഓഫ് ഡയറക്ടറായും സ്പോർട്സ് കോർഡിനേറ്ററായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അദ്ദേഹം, ആ വർഷത്തെ ‘ബെസ്റ്റ് ബോർഡ് ഓഫ് ഡയറക്ടർ’ (Best Board of Director – 2022) പുരസ്കാരത്തിന് അർഹനായി. കേരള ഹൗസിൽ ക്രിക്കറ്റ് പിച്ച് (Batting Cage) നിർമ്മിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.
നിലവിൽ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ജനറൽ സെക്രട്ടറിയായ വിനോദ്, ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA) സജീവ പ്രവർത്തകനും മുൻ നാഷണൽ എക്സിക്യൂട്ടീവ് ജോയിന്റ് ട്രഷററുമാണ്. ഹൂസ്റ്റൺ നൈറ്റ്സ് വോളിബോൾ ക്ലബ്ബിന്റെ ക്യാപ്റ്റനും മാനേജറുമായ അദ്ദേഹം, നിരവധി ദേശീയ കായിക ടൂർണമെന്റുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ, ICECH ഇന്റർ-ചർച്ച് സ്പോർട്സ് ഇവന്റുകളുടെ സംഘാടനത്തിലും അദ്ദേഹം പങ്കാളിയായി.
ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ മുൻ ജോയിന്റ് സെക്രട്ടറിയായും, യുവജനസഖ്യം വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള വിനോദ്, സഭാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട്. എം.ഡി ആൻഡേഴ്സൺ കാൻസർ സെന്ററിൽ ഡയഗ്നോസ്റ്റിക് ഇമേജിംഗ് പ്രൊഫഷണലായി ജോലി ചെയ്യുന്നു. നൂതനമായ ആശയങ്ങളും അർപ്പണബോധവുമുള്ള വിനോദ് ചെറിയാന്റെ സ്ഥാനാർത്ഥിത്വം ‘ടീം യുണൈറ്റഡിന്’ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയ പ്രഗത്ഭർ അണിനിരക്കുന്നു. 2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



