ന്യൂയോർക്ക്: സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ ഭരണ നിർവഹണത്തിനുള്ള ഒരുക്കങ്ങൾക്കായി നിയോഗിക്കപ്പെട്ട 400ലധികം ന്യൂയോർക്കുകാരിൽ അഞ്ച് ജൂത പ്രാദേശിക റബ്ബിമാരും. ജനുവരി 1ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഭരണനിർവഹണത്തിനുള്ള ഒരുക്കങ്ങൾ നടത്തുക എന്നതാണ് ഈ ടീമുകളുടെ ചുമതല.
ട്രാൻസ് വുമണും റബ്ബിയുമായ ആബി സ്റ്റീനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിന് താങ്ങാകുമെന്നും തങ്ങളെ സംരക്ഷിക്കുമെന്നും ആബി സ്റ്റീൻ പറഞ്ഞു.
ന്യൂയോർക്ക് ബോർഡ് ഓഫ് റബ്ബീസിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായ റബ്ബി ജോസഫും സമിതിയിൽ അംഗമാണ്. മംദാനിക്ക് ഒരു പുരോഹിത സമിതിയില്ല. അദ്ദേഹത്തിന്റെ ഒരു കമ്മിറ്റിയിലും ഓർത്തഡോക്സ് റബ്ബികളുമല്ല. പ്രചാരണ വേളയിൽ ഇസ്രായേലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളെച്ചൊല്ലി നിരവധി ഓർത്തോഡക്സ് റബ്ബികളിൽ നിന്ന് വിമർശനം നേരിടേണ്ടിവന്നിരുന്നു. കൂടാതെ ഓർത്തഡോക്സ് വോട്ടർമാരിൽ നിന്ന് കാര്യമായ പിന്തുണയും ലഭിച്ചില്ല.
തൊഴിലാളി നീതി, കമ്മ്യൂണിറ്റി ഓർഗനൈസിംഗ് എന്നിവയെക്കുറിച്ചുള്ള രണ്ട് കമ്മിറ്റികൾ മംദാനിക്കുണ്ട്. നഗരത്തിന്റെ ഫണ്ട്‌റൈസിങ്ങിൽ ലാഭേച്ഛയില്ലാത്ത ദീർഘകാല തലവനായ കാതറിൻ വൈൽഡ് പോലുള്ള പരമ്പരാഗത നേതാക്കൾ മുതൽ, നഗരത്തിലെ അധികാരമില്ലാത്തവർ വരെ മംദാനി നിയമിച്ചവരിൽ ഉൾപ്പെടുന്നു. ഇടതുപക്ഷ പ്രസ്ഥാനമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പ്രതിനിധികൾ ഉൾപ്പെടെ ഇതിലുണ്ട്.
പരിവർത്തന സമിതികളിലെ മറ്റ് ശ്രദ്ധേയരായ ജൂതന്മാരിൽ ആന്റി സെമിറ്റിസം പരിശീലനങ്ങൾ രൂപപ്പെടുത്താൻ സഹായിച്ച ജോനാ ബോയാരിൻ, അമേരിക്കൻ ജൂത വേൾഡ് സർവിസിന്റെ മുൻ നേതാവായ റൂത്ത് മെസ്സിംഗർ, ഹോളോകോസ്റ്റിനെ അതിജീവിച്ചവരെ പിന്തുണക്കുന്ന ബ്ലൂ കാർഡിലെ മാഷ പേൾ, മംദാനിയുടെ ഹൈസ്കൂൾ അധ്യാപകൻ മാർക്ക് കഗൻ എന്നിവർ ഉൾപ്പെടുന്നു.



