അജു വാരിക്കാട്
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026-ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിൽ നിന്ന് പ്രമുഖ സാമൂഹ്യ-മാധ്യമ പ്രവർത്തകൻ ജിൻസ് മാത്യു ജനവിധി തേടുന്നു.
സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യമായ ജിൻസ് മാത്യു, 2018-ലെ കേരള പ്രളയകാലത്ത് നടത്തിയ സേവനങ്ങൾ ശ്രദ്ധേയമാണ്. റാന്നി അസോസിയേഷൻ വഴി, റാന്നി ഗുഡ് സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്റി മുഖേന നടത്തിയ സഹായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ദുരിതബാധിതർക്ക് ആശ്വാസമേകാൻ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
നിലവിൽ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) വൈസ് പ്രസിഡന്റും, ‘ഒരുമ’ (ORUMA) റിവർസ്റ്റോണിന്റെ പ്രസിഡന്റുമാണ്. വേൾഡ് മലയാളി കൗൺസിൽ (WMC) ഹൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജിൻസ്, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്. അധ്യാപക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ, വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ‘ഗ്രാജുവേഷൻ ഹോണറിംഗ്’ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനും, കേരളീയ കലാസാംസ്കാരിക വേദികൾ ഒരുക്കുന്നതിനും അദ്ദേഹം ചുക്കാൻ പിടിക്കുന്നു.
സിറിയൻ ഓർത്തഡോക്സ് ക്നാനായ കുടുംബാംഗമായ ജിൻസ്, കോളേജ് വിദ്യാഭ്യാസ കാലത്ത് യൂണിയൻ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും പ്രവർത്തിച്ച് തന്റെ സംഘാടക മികവ് തെളിയിച്ചിട്ടുണ്ട്. മാഗിലെ സജീവ കുടുംബാംഗമായ ജിൻസ് മാത്യുവിന്റെ സ്ഥാനാർത്ഥിത്വം ‘ടീം യുണൈറ്റഡിന്’ മുതൽക്കൂട്ടാണ്.
തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയ പ്രഗത്ഭർ അണിനിരക്കുന്നു. 2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



