അങ്കാറ: റഷ്യയിൽ നിന്നും ജോർജിയയിലേക്ക് സൺഫ്ലവർ ഓയിലുമായി പോയ കപ്പൽ കരിങ്കടലിൽ വെച്ച് ആക്രമിച്ചതായി തുർക്കിയ മാരിടൈം അതോറിറ്റി. ദിവസങ്ങൾക്കുമുമ്പ് രണ്ടു റഷ്യൻ എണ്ണക്കപ്പലുകൾ കരിങ്കടലിൽവെച്ച് യുക്രെയ്ൻ ഡ്രോണുകൾ ആക്രമിച്ചതിന് പിന്നാലെയാണ് മൂന്നാമത്തെ കപ്പലിന് നേരെയുള്ള ആക്രമണം.
തുർക്കിയ തീരത്തുനിന്ന് 130 കിലോമീറ്റർ അകലെവെച്ചാണ് മിഡ് വോൾഗ -2 കപ്പൽ ആക്രമിച്ചതെന്ന് തുർക്കിയ അറിയിച്ചു. കപ്പലിലെ 13 അംഗ ജീവനക്കാർ സുരക്ഷിതരാണ്.റഷ്യൻ എണ്ണക്കപ്പലുകളായ കെയ്റോസ്, വിരാട് എന്നിവക്ക് നേരെയുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിനെതിരെ തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ രംഗത്തെത്തിയിരുന്നു.
തുർക്കിയയുടെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിലായിരുന്നു വെള്ളിയാഴ്ച രണ്ടു കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്.



