മോസ്കോ: യൂറോപ്യൻ യൂണിയൻ യുദ്ധത്തിന്റെ പക്ഷത്താണെന്നും റഷ്യയുമായി യുദ്ധത്തിനു മുതിർന്നാൽ കനത്ത പരാജയം നേരിടേണ്ടി വരുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റഷ്യ നിരസിക്കുമെന്ന് ഉറപ്പുള്ള നിബന്ധനകൾ മുന്നോട്ടുവച്ച്, യൂറോപ്യൻ രാജ്യങ്ങൾ നയതന്ത്ര പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പുട്ടിൻ ആരോപിച്ചു. റഷ്യയുമായി സംഘർഷത്തിൽ ഏർപ്പെടാൻ തീരുമാനിച്ചാൽ, യൂറോപ്പിൽ ചർച്ച നടത്താൻ പോലും ആരും അവശേഷിക്കാത്ത വിധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകി.
കരിങ്കടലിൽ, റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ (നിഴൽ കപ്പൽ വ്യൂഹം) എന്നറിയപ്പെടുന്ന ടാങ്കറുകൾക്ക് നേരെയുണ്ടായ സമീപകാല ഡ്രോൺ ആക്രമണങ്ങൾക്ക് പ്രതികാരമായി, യുക്രെയ്‌നെ കടലിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും പുട്ടിൻ ഭീഷണിമുഴക്കി. കരിങ്കടലിൽ തുർക്കി തീരത്തിനു സമീപം റഷ്യയുടെ രണ്ട് ചരക്കു കപ്പലുകൾക്ക് ശനിയാഴ്ച രാവിലെയാണ് ഡ്രോണാക്രണത്തിൽ തീപിടിച്ചത്. വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. വിരാടിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വ്യവസ്‌ഥകളിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറാദ് കുഷ്നർ എന്നിവരുമായി വ്ലാഡിമിർ പുട്ടിൻ ക്രെംലിനിൽ ചർച്ച നടത്തി.



