വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത സോഷ്യൽ മീഡിയ ബ്യൂട്ടി ഇൻഫ്ലുവൻസറായ സ്റ്റെഫാനി പൈപ്പറിന്റെ (31) മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്ലൊവേനിയയിലെ വനത്തിൽ നിന്ന് കണ്ടെത്തി. മുൻ കാമുകനാണ് സ്റ്റെഫാനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തിൽ ഒളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായതിന് പിന്നാലെ മുൻ കാമുകൻ തന്നെയാണ് പൊലീസിന് മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചു കൊടുത്തത്.
നവംബർ 23ന് പാർട്ടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ സ്റ്റെഫാനിയെ പിന്നീട് കാണാതാവുകയായിരുന്നു. സുരക്ഷിതമായി വീട്ടിലെത്തിയെന്ന് പറഞ്ഞ് ഒരു സുഹൃത്തിന് ആദ്യം സന്ദേശം അയച്ച സ്റ്റെഫാനി, ഉടൻ തന്നെ തന്റെ ഗോവണിയിൽ ആരോ ഉണ്ടെന്ന് സൂചിപ്പിച്ച് മറ്റൊരു സന്ദേശവും അയച്ചു. ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സ്റ്റെഫാനിയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സ്റ്റെഫാനിയുടെ വീട്ടിൽ നിന്ന് തർക്കങ്ങൾ കേട്ടതായും, മുൻ കാമുകനെ കെട്ടിടത്തിൽ കണ്ടതായും അയൽവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെ മുൻ കാമുകനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ലൊവേനിയയിൽ വെച്ചാണ് മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി തന്റെ കാറിൽ ഒന്നിലധികം തവണ സ്ലൊവേനിയയിലേക്ക് യാത്ര ചെയ്തിരുന്നതായി പൊലീസ് സംശയിക്കുന്നു. പ്രതിയെ പിന്നീട് ഓസ്ട്രിയയിലേക്ക് കൈമാറുകയും ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച് സ്ലൊവേനിയൻ വനത്തിൽ കുഴിച്ചിട്ടെന്നാണ് ഇയാൾ മൊഴി നൽകിയത്.



