കൊളക്കാട്: അതിദരിദ്രരായ വിധവകൾക്ക് സംരക്ഷണ സഹായമായി വേൾഡ് പീസ് മിഷൻ നിർമ്മിക്കുന്ന ഒമ്പതാമത്തെ ഭവനം കണ്ണൂരിൽ കൊളക്കാട് എന്ന സ്ഥലത്ത് പൂർത്തിയായി. വേൾഡ് പീസ് മിഷന്റെ ട്രസ്റ്റീ ശ്രീ. ബീജോയ് ചെറിയാൻ സുനിത സുരേന്ദ്രന് താക്കോൽ നൽകി ഭവനം കൈമാറി. വേൾഡ് പീസ് മിഷന്റെ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ ഭവന പ്രവേശനം നടത്തി. യു.എസ്. വേൾഡ് പീസ് മിഷന്റെ എക്സിക്യൂട്ടീവ് അംഗം ശ്രീ. തോമസ് സ്കറിയ(അരിസോണ)യാണ് നിർമ്മാണ ചിലവുകൾ വഹിച്ചത്. തലശ്ശേരി അതിരൂപത കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസിയുടെ പിന്തുണയും ഉണ്ടായിരുന്നു, കോപ്പറേറ്റീവ് ഏജൻസി മാനേജർ ഫാ. സോണി വടശ്ശേരിയിൽ ദീപം തെളിയിച്ചു.ഫാ.തോമസ് പട്ടാങ്കാളവും തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് എജുക്കേഷണൽ ഏജൻസി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വീട് വയ്ക്കുവാൻ ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത് ശ്രീ. ജോസ് കൊച്ചുവീട്ടിലാണ്. ശ്രീ.മനോജ് കെ. കെ യുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. കുഴൽ കിണർ സൗകര്യങ്ങൾ ചെയ്തത് ശ്രീ. ബോബി കല്ലറക്കലാണ്.
കേരളത്തിലുടനീളം എല്ലാ ജില്ലകളിലും വിധവകളായ സ്ത്രീകൾക്ക് ജില്ലയിൽ 10 വീടുകൾ വീതം 140 വീടുകൾ പൂർത്തീകരിക്കുവാനുള്ള ദൗത്യമാണ് വേൾഡ് പീസ് മിഷന്റെ ഈ സംരംഭം. സിയാറ്റിലുള്ള ശ്രീ. ജോൺ ടൈറ്റസ് സ്പോൺസർ ചെയ്തത് നിർമ്മാണം ആരംഭിച്ച പത്തനംതിട്ട ടൗണിലുള്ള പത്തമത്തെ ഭവനം 2025 ഡിസംബർ 31ന് പൂർത്തിയാകും.
റിപ്പോർട്ട് :സ്നേഹ സാബു



