വാഷിങ്ടൺ: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും യുവതികൾക്കുമൊപ്പം നിൽക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ട്രംപ്. ഇതൊന്നും വലിയ കാര്യമല്ലെന്നും താനത് കണ്ടുപോലുമില്ലെന്നും ട്രംപ് വ്യക്തമാക്കി.
‘എല്ലാവർക്കും ഈ മനുഷ്യനെ (എപ്സ്റ്റീൻ) അറിയാമായിരുന്നു. അയാൾ പാം ബീച്ചിൽ എല്ലായിടത്തും ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ എല്ലാവർക്കും ഒപ്പമുള്ള ഫോട്ടോകളുണ്ട്.. നൂറുകണക്കിന് ആളുകളുടെ ചിത്രങ്ങളുണ്ട്. വിവരം എനിക്ക് നേരത്തെ അറിയാം. ഇതിലൊന്നും വലിയ കാര്യമില്ല’ വാഷിങ്ടണിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്നുള്ള പുതിയ, 19 ഫോട്ടോകളാണ് കഴിഞ്ഞ ദിവസം ഹൌസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ പുറത്തുവിട്ടത്. കമ്മിറ്റി കൈവശമാക്കിയ കമ്പ്യൂട്ടർ കാഷെയിൽ 95,000 ത്തിലധികം ചിത്രങ്ങൾ ഉണ്ടെന്നാണ് വിവരം.
മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ചലച്ചിത്ര സംവിധായകൻ വൂഡി അലൻ, വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ, സ്റ്റീവ് ബാനൻ തുടങ്ങിയ നിരവധി ഉന്നത വ്യക്തികൾ എപ്സ്റ്റീന്റെ പക്കൽ നിന്ന് കണ്ടെടുത്ത ചിത്രങ്ങളിലുണ്ട്. യുവതികളുടെ മുഖം മറച്ചാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.



