മെൽബൺ: പ്രശസ്ത ഓസ്‌ട്രേലിയൻ എഴുത്തുകാരിയും സംവിധായികയുമായ അമൻഡ ബ്രോച്ചി അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അമൻഡയുടെ ഭർത്താവും സംവിധായകനുമായ ആദം സ്വാറാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി ടെലിവിഷൻ പരമ്പരകളുടെ അണിയറപ്രവർത്തകയായിരുന്നു അമൻഡ. ഭർത്താവ് ആദമിനൊപ്പം ചേർന്ന് നിർമിച്ച എബിസി സീരീസ് ‘ലോഡൗൺ’ (Lowdown), ‘ഡോക്ടർ ഹൂ’ (Doctor Who), ‘ജെന്റിൽമാൻ ജാക്ക്’ (Gentleman Jack), ‘റെനെഗേഡ് നെൽ’ (Renegade Nell), ‘റയറ്റ് വുമൻ’ (Riot Women) തുടങ്ങിയ പ്രശസ്തമായ യുകെ ഷോകൾ അമൻഡയുടെ കരിയറിലെ നാഴികക്കല്ലുകളാണ്. സംവിധായിക എന്നതിലുപരി ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അമൻഡ, 1980കളിലെ പ്രശസ്തമായ ‘നോട്ട് ഡ്രൗണിങ്, വേവിങ്’ എന്ന ബാൻഡിലും അംഗമായിരുന്നു.
ഹൃദയം തൊടുന്ന ഓർമക്കുറിപ്പും അമൻഡയുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ആദം അനുശോചനം രേഖപ്പെടുത്തിയത്.



