ന്യൂയോർക്ക് : കോളിളക്കം സൃഷ്ടിച്ച ജെഫ്രി എപ്സ്റ്റൈൻ ലൈംഗികാപവാദക്കേസുകളുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട ഫയലുകളിൽ ഇന്ത്യയും ആയുർവേദവും. ആയുർവേദത്തിന്റെ മേന്മകളും മസാജ് രീതികളുമാണ് ഫയലുകളിലൊന്നിൽ വിവരിക്കുന്നത്. പടിഞ്ഞാറൻ നാടുകളിലും ഇത്തരം മസാജുകളും മറ്റു ചികിത്സാരീതികളും ഇപ്പോൾ വ്യാപകമാണെന്നു പറയുന്ന ഫയലിൽ, എള്ളെണ്ണയുടെ ഗുണങ്ങൾ വർണിക്കുന്നു.
എപ്സ്റ്റൈൻ ഫയലുകൾ പരസ്യമാക്കാനുള്ള ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പിട്ടതിനു പിന്നാലെയാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അന്വേഷണഫയലുകളിൽ ചിലത് പുറത്തുവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും പ്രമുഖർക്കു കാഴ്ചവച്ചതിനും അറസ്റ്റിലായ എപ്സ്റ്റൈൻ വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്നതിനിടെ 2019ൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
എപ്സ്റ്റൈനുമായി ട്രംപിനും അടുത്തബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ ഡെമോക്രാറ്റ് പാർട്ടി പലതവണ പുറത്തുവിട്ടിരുന്നതാണ്. ഇപ്പോൾ ഭരണകൂടം പുറത്തുവിട്ട ഫോട്ടാകളിൽ ഒന്നോ രണ്ടോ എണ്ണത്തിലും ട്രംപ് ഉണ്ട്. യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ, പോപ് താരം മൈക്കൽ ജാക്സൺ തുടങ്ങിയവർ എപ്സ്റ്റൈനൊപ്പമുള്ള ഫോട്ടോകളുടെ പരമ്പര തന്നെ യുണ്ട്. എപ്സ്റ്റൈൻ എത്തിച്ചുകൊടുത്ത ബാലികമാർക്കൊപ്പം കഴിഞ്ഞെന്ന ആരോപണം നേരിട്ട ബ്രിട്ടിഷ് രാജകുടുംബാംഗം ആൻഡ്രൂവിന്റെ ‘പ്രിൻസ്’ പദവിയുൾപ്പെടെ സഹോദരൻ ചാൾസ് രാജാവ് നീക്കം ചെയ്തത് കഴിഞ്ഞമാസമാണ്.



