വാഷിങ്‌ടൻ : ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിക്ക് ഗ്രീൻലൻഡിന്റെ പ്രത്യേക പ്രതിനിധിയായി ട്രംപ് അധികച്ചുമതല നൽകി. ഇതോടെ ധാതുസമ്പന്നമായ ആർട്ടിക് ദ്വീപ് കയ്യടക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഊർജിതമാക്കുകയാണെന്ന് വ്യക്തമായി. യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് വടക്കേ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ യുഎസ് സൈനികതാവളമുണ്ട്.
ഗ്രീൻലൻഡിനായി പ്രത്യേക പ്രതിനിധിയെ നിയോഗിച്ച ട്രംപിന്റെ നടപടിയിൽ ഡെൻമാർക്ക് പ്രതിഷേധം അറിയിച്ചു. ഗ്രീൻലൻഡ് വിട്ടുനൽകാൻ കഴിയില്ലെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസനും ആവർത്തിച്ചു വ്യക്തമാക്കി. ഗ്രീൻലൻഡ് യുഎസിന്റെ ഭാഗമാകുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ച വ്യക്തിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യേക ദൂതനായി നിയമിച്ചതിൽ താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലൊക്ക റാസ്മുസൻ പറഞ്ഞു.



