അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി അബുദാബിക്കു സ്വന്തം. വിവിധ ആഗോള സൂചികകൾ നടത്തിയ സർവേയിലാണ് അബുദാബി നേട്ടം നിലനിർത്തിയത്. ഏറ്റവും ഒടുവിൽ സിഇഒ വേൾഡ് മാഗസിൻ നടത്തിയ സർവേയിൽ 300 ആഗോള നഗരങ്ങളുടെ പട്ടികയിൽ 97.73 സ്‌കോറോടെയാണ് അബുദാബി മുന്നിലെത്തിയത്.
തായ്പേയി (97.5), ദോഹ (97.35) എന്നീ നഗരങ്ങളാണു തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർക്കും രാത്രിയിൽ ഭയമില്ലാതെ നടക്കാൻ കഴിയുന്ന നഗരങ്ങളിലും അബുദാബിയാണ് ഏറ്റവും മുന്നിലുള്ളത്. നേരത്തെ നമ്പിയോ സേഫ്റ്റി ഇൻഡക്സ് ലോകമെമ്പാടുമുള്ള 382 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ തുടർച്ചയായി ഒൻപതാം വർഷവും അബുദാബി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ, അതിവേഗത്തിലുള്ള അടിയന്തര പ്രതികരണങ്ങൾ, കുറ്റകൃത്യങ്ങൾ നേരത്തെ തടയാനുള്ള മുൻകരുതൽ നടപടികൾ, രാഷ്ട്രീയ സ്ഥിരത, ആധുനിക അടിസ്ഥാന സൗകര്യം, കുടുംബ സൗഹൃദ അന്തരീക്ഷം തുടങ്ങി അബുദാബി പൊലീസ് നടപ്പിലാക്കുന്ന അത്യാധുനിക സംവിധാനങ്ങളാണു നേട്ടത്തിലേക്കു നയിച്ചത്.
നഗരത്തിലെ 93 ശതമാനത്തിലധികം താമസക്കാരും അബുദാബിയിൽ പൂർണ സുരക്ഷിതരാണെന്നു സാക്ഷ്യപ്പെടുത്തി. നിയമവ്യവസ്ഥയും കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ശക്തമായ നടപടിയും അബുദാബിയെ കൂടുതൽ സുരക്ഷിതമാക്കുന്നു. യുഎഇയിലെ ദുബായ്, അജ്മാൻ, റാസൽഖൈമ എന്നീ നഗരങ്ങളും ലോകത്തിലെ ആദ്യ 10 സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതേസമയം ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ രണ്ടാം സ്ഥാനത്താണ്. അൻഡോറയാണ് ഒന്നാമത്.



