ലണ്ടൻ: പലസ്തീൻ അനുകൂല പ്രവർത്തകരുടെ ജയിൽവാസത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിനെ (22) ലണ്ടനിൽ പൊലീസ് അറസ്റ്റ് ചെയ്തു. യുകെ സർക്കാർ ഭീകരസംഘടനയായി നിരോധിച്ച ‘പലസ്തീൻ ആക്‌ഷൻ’ സംഘടനയെ പിന്തുണച്ചതിനാണ് അറസ്റ്റ്. പലസ്തീൻ ആക്‌ഷന്റെ 8 പ്രവർത്തകർ നവംബർ മുതൽ ജയിലിൽ നിരാഹാരസമരത്തിലാണ്. 50 ദിവസമായി പട്ടിണികിടക്കുന്ന ഇവരിൽ ചിലരുടെ ആരോഗ്യനില അപകടാവസ്ഥയിലാണ്. ഇസ്രയേൽ പ്രതിരോധ കമ്പനിക്കു സേവനം നൽകുന്ന ഇൻഷുറൻസ് കമ്പനിക്കുമുന്നിൽ നടന്ന പ്രതിഷേധത്തിലാണ് ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ്.
നിലവിൽ നിരാഹാരസമരം നടത്തുന്ന പ്രവർത്തകരെ അനുകൂലിച്ചാണ് ‘പ്രിസണേഴ്‌സ് ഫോർ പലസ്തീൻ’ സമരം സംഘടിപ്പിച്ചത്. കനത്ത പൊലീസ് സാന്നിധ്യത്തിൽ നടന്ന സമരത്തിൽ ട്യുൻബെർഗിന്റെ സാന്നിധ്യം പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. ‘ഞാൻ പലസ്തീൻ ആക്ഷനിലെ തടവുകാരെ പിന്തുണയ്ക്കുന്നു. ഞാൻ വംശഹത്യയെ എതിർക്കുന്നു’ എന്നെഴുതിയ പ്ലക്കാർഡും കയ്യിലേന്തിയായിരുന്നു ട്യുൻബെർഗിന്റെ പ്രതിഷേധസമരം.



