വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബലാത്സംഗം നടത്തിയെന്ന് എപ്സ്റ്റീൻ രേഖ. വെരിഫൈ ചെയ്യാൻ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനിൽ ഉൾപ്പെട്ടത്. എന്നാൽ, ആരോപണം നിഷേധിച്ച് യു.എസ് നീതിന്യായ വകുപ്പ് രംഗത്തെത്തി. അസത്യമായ ആരോപണമാണ് പ്രചരിക്കുന്നതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യു.എസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഫെഡറൽ അന്വേഷണസംഘങ്ങൾക്ക് നൽകിയ മൊഴികളും ഉൾപ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ലിമോസിൻ ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച നടത്തുന്നത് താൻ കേട്ടുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, ഈ മൊഴികളിൽ എഫ്.ബി.ഐ തുടർ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.
പക്ഷേ രേഖകളിലെ പരാമർശങ്ങളെ പൂർണമായും തള്ളുകയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. 30,000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. അതിൽ ട്രംപിനെതിരായ സ്ഫോടനാത്മകമായ ചില പരാമർശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. 2020 തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ രേഖകൾ എഫ്.ബി.ഐക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇത് പൂർണമായും വ്യാജമാണെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.



