അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ മതബോധനസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 21 ഞായറായഴ്ച, മതബോധന സ്‌കൂളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികളെ സ്റ്റേജിൽ അണിനിരത്തികൊണ്ട് നടത്തപ്പെട്ട ആഘോഷങ്ങൾ ക്രിസ്തുമസിന്റെ ചൈതന്യവും സന്തോഷവും പങ്കുവെയ്ക്കത്തക്ക രീതിയിലാണ് നടത്തപ്പെട്ടത്.

ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ഗായക സംഘത്തിന്റെ കരോൾ ഗാനങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് വികാരി ഫാ. സിജു മുടക്കോടിയിലിന്റെ പ്രാർത്ഥനയോടെ ആഘോഷങ്ങൾക്ക് ഔപചാരികമായ തുടക്കം ലഭിച്ചു. പഴയകാല കരോൾ ഗാനങ്ങൾ കൂട്ടിയിണക്കികൊണ്ട് ഗായക സംഘം അവതരിപ്പിച്ച ചെയിൻ കരോൾ ഗാനാലാപനം ഏറെ ശ്രദ്ധേയമായി. തുടർന്ന് മതബോധന സ്‌കൂളിലെ പ്രീ കെ മുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള കുട്ടികൾ സ്റ്റേജിൽ കരോൾ ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിലിന്റെയും അസി. ഡയറക്ടർ മനീഷ് കൈമൂലയിലിന്റെയും നേതൃത്വത്തിൽ അധ്യാപകർ പരിപാടികൾ നിയന്ത്രിച്ചു.

അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര നന്ദി പ്രകാശനം നടത്തി. ഇടവകയുടെ കരോൾ കോർഡിനേറ്റർമാരായ നവീൻ കണിയാംപറമ്പിൽ, ജെസ്ലിൻ പ്ലാത്തോട്ടത്തിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, സിസ്റ്റർ ഷാലോം എന്നിവർ സജ്ജീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. സ്നേഹവിരുന്നോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.



