ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകാംഗവും ഗായകസംഗത്തിന് പതിനഞ്ചോളം വർഷങ്ങൾ നേതൃത്വം കൊടുക്കുകയും ചെയ്ത അനിൽ മറ്റത്തിക്കുന്നേലിനെ ഇടവക ആദരിച്ചു. ഈ അടുത്തകാലത്തായി രചനയും സംഗീതവും നൽകികൊണ്ട് മികച്ച ഗാനങ്ങൾ ചിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് പുറത്തിറക്കിയത് പരിഗണിച്ചാണ് ആദരം നൽകിയത്.

ഇടവകയുടെ കരോൾ ആഘോഷ വേദിയിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ പൊന്നാടയണിയിക്കുകയും കൈക്കാരൻമാരെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം ബൊക്കെ സമ്മാനിക്കുകയും ചെയ്യുകയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഇദംപ്രഥമമായി ഇടവകയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടവകയ്ക്ക് വേണ്ടി ‘അണയാം ദൈവജനമേ’ എന്ന ഗാനം രചനയും സംഗീതവും നൽകി പുറത്തിറക്കികൊണ്ടാണ് ഗാന നിർമ്മാണ രംഗത്തേക്ക് അനിൽ മറ്റത്തിക്കുന്നേൽ ചുവടുവച്ചത്.

തുടർന്ന് ക്രിസ്തുമസ് കരോളിനായി പുറത്തിറക്കിയ ‘ഉണ്ണിയേശുവെ കാണാൻ ‘ എന്ന ഹിറ്റ് ഗാനം പൂർണ്ണമായും ചിക്കാഗോയിലെ തന്നെ ഗായകരെ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുകയും ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് പിറവിതിരുനാൾ തിരുക്കർമ്മങ്ങളുടെ ഭാഗമായ രണ്ടു ഗാനങ്ങൾ കൂടി ഈ സീസണിൽ തന്നെ പുറത്തിറിക്കിശ്രദ്ധ നേടിയിരുന്നു. വോയിസ് ഓഫ് ആഡം എന്ന ജനപ്രീയ യൂട്യൂബ് ചാനലിന്റെ ഭാഗമായാണ് ഗാനങ്ങൾ പുറത്തിറിക്കികൊണ്ടിരിക്കുന്നത്. ഗാന ശുശ്രൂഷാ രംഗത്ത് അനിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ ഏറെ നന്ദിയോടെ സ്മരിക്കുന്നതായി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
നിരവധി സംഗീത ആൽബങ്ങൾ ചിക്കാഗോയിൽ നിന്നും പുറത്തിറങ്ങാറുണ്ട് എങ്കിലും ആദ്യമായാണ് ചിക്കാഗോയിലെ ഗായകർക്ക് അവസരം നൽകുന്നതിന് മുൻഗണന നൽകുന്നവിധത്തിൽ ഗാനങ്ങൾ പുറത്തിറക്കുന്നത് എന്നും, ഈ ഉദ്യമത്തിന് ചുക്കാൻ പിടിക്കുന്ന അനിൽ മറ്റത്തിക്കുന്നേലിന് നന്ദി അറിയിക്കുന്നതായും സെന്റ് മേരീസ് ഗായകസംഘത്തിന് നേതൃത്വം നൽകുന്ന ജോബി പണയപറംബിൽ അറിയിച്ചു.



