ന്യൂഡൽഹി: എച്ച്.വൺ.ബി വിസയിൽ സുപ്രധാന മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. ലോട്ടറി സംവിധാനത്തിനു പകരം ഇനി മുതൽ തൊഴിൽ വൈദഗ്ദ്യവും തൊഴിലാളികളുടെ കഴിവും അടിസ്ഥാനമാക്കി ആയിരിക്കും വിസ അനുവദിക്കുക. ഉയർന്ന വൈദഗ്ദ്യവും വരുമാനവുമുള്ള വിദേശികളെ ലക്ഷ്യമിട്ടാണ് യു.എസ് ഭരണകൂടത്തിന്‍റെ നടപടിയെന്ന് ഹോം ലാന്‍റ് സെക്യൂരിറ്റി ഡിപ്പാർട്മെന്‍റ് അറിയിച്ചു.
എച്ച് വൺ ബി വിസ സംവിധാനത്തിൽ ക്രമക്കേടുകൾ വ്യാപകമായകതിനെതുടർന്നാണ് നിർത്തലാക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് അധികൃതർ പറയുന്നു. ചില തൊഴിൽ ദാതാക്കൾ അമേരിക്കൻ പൗരൻമാർക്ക് തൊഴിലവസരം നൽകാതെ എച്ച്.വൺ.ബി വിസയിലെത്തുന്നവരെ കുറഞ്ഞ വേതനം നൽകി പണിയെടുപ്പിക്കുന്ന അവസ്ഥ ഉണ്ടായെന്ന് സിറ്റിസൺഷിപ്പ് ആന്‍റ് ഇമിഗ്രേഷൻ സർവീസ് വക്താവ് ആരോപിച്ചു. പുതിയ വിസ സംവിധാനം ഇതിൽ മാറ്റമുണ്ടാക്കുമെന്നും പറഞ്ഞു.



