അജു വാരിക്കാട്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് മലയാളി അസോസിയേഷൻ ഓഫ് സിയന്ന (MAS) സംഘടിപ്പിച്ച ആഘോഷപരിപാടികൾ വർണ്ണാഭമായി. ഡിസംബർ 20-ന് സെന്റ് ജയിംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സിയന്ന നിവാസികളുടെയും വിശിഷ്ടാതിഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിയ പരിപാടി സിയന്നയിലെ മലയാളി സമൂഹത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു.

കമ്മിറ്റി അംഗം ജോളി മ്യാലിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, സിയന്നയുടെ ജനപ്രതിനിധികളായ മേയർ റോബിൻ ഇലക്കാട്ട്, മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സിയന്നയിലെ മലയാളി സമൂഹം നടത്തുന്ന മാതൃകാപരമായ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളെ പ്രശംസിച്ച നേതാക്കൾ, അസോസിയേഷൻ വിഭാവനം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ചടങ്ങിൽ ഫാ. പ്രകാശ് മാത്യു ക്രിസ്തുമസ് സന്ദേശം നൽകി. സഹജീവികളോടുള്ള സ്നേഹവും കരുതലും പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹത്തിന്റെ സന്ദേശം സദസ്സിന് നവ്യാനുഭവമായി. തുടർന്ന്, MAS നടപ്പിലാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും കമ്മിറ്റി അംഗം സുനോജ് വിശദീകരിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ ഉൾക്കൊള്ളുന്ന സേവന പ്രവർത്തനങ്ങളിലൂടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചാരിറ്റി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മേയർ റോബിൻ ഇലക്കാട്ട് നിർവ്വഹിച്ചു. അസോസിയേഷൻ അംഗം ലതീഷ് കൃഷ്ണനിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം.

വിവിധ കലാപരിപാടികളും സംഗീത-നൃത്ത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികളും മുതിർന്നവരും ഒരേപോലെ പങ്കെടുത്ത പരിപാടികൾ ക്രിസ്തുമസ്-പുതുവത്സരത്തിന്റെ സന്തോഷം പകർന്നു നൽകുന്നതായിരുന്നു. ചടങ്ങ് കമ്മിറ്റി അംഗം മോനിഷിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.



