മോൺസിഞ്ഞോർ ജോജി വടകര
വത്തിക്കാന്‍: ശനിയാഴ്ചകളിൽ നടത്തിവന്നിരുന്ന ജൂബിലി കൂടിക്കാഴ്ചകളിൽ അവസാനത്തെ ദിനമായ ഡിസംബർ 20-ന് കൂടിക്കാഴ്ചാമധ്യേ, പൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനം എട്ടാം അദ്ധ്യായം ഇരുപത്തിരണ്ട് മുതൽ ഇരുപത്തിനാല് വരെയുള്ള വാക്യങ്ങളെ ആധാരമാക്കി, “പ്രത്യാശിക്കുകയെന്നാൽ ജനിപ്പിക്കുകയെന്നാണ്. മറിയം നമ്മുടെ പ്രത്യാശ” എന്ന വിഷയത്തിലാണ് പാപ്പാ ഉദ്‌ബോധനം നടത്തിയത്. പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി വിവിധ ഭാഷകളിൽ ഈ വചനഭാഗം വായിക്കപ്പെട്ടു.
“സമസ്ത സൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്ന് നമുക്കറിയാം. സൃഷ്ടി മാത്രമല്ല, ആത്മാവിന്റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു. ഈ പ്രത്യാശയിലാണ് നാം രക്ഷ പ്രാപിക്കുന്നത്” (റോമാ 8, 22).
തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം, ഏവർക്കും സ്വാഗതം!
ക്രിസ്തുമസ് തൊട്ടടുത്തായിരിക്കുമ്പോൾ, നാം പറയാറുണ്ട്: കർത്താവ് അടുത്തെത്തിയിരിക്കുന്നു! യേശുവില്ലെങ്കിൽ, കർത്താവ് അടുത്തെത്തിയിരിക്കുന്നു എന്ന ഈ പ്രസ്താവന ഒരു ഭീഷണി പോലെ തോന്നിയേക്കാം. എന്നാൽ, പ്രവാചകന്മാർ മുൻകൂട്ടി കണ്ടിരുന്നതുപോലെ, നമുക്കറിയാം, യേശുവിൽ ദൈവം ഒരു കരുണയുടെ ഗർഭപാത്രമായിത്തീരുന്നുണ്ട്. ദൈവത്തിന് കരുണയുടെ ഒരു ഉദരമുണ്ടെന്നും, അതിലൂടെ അവൻ ഇപ്പോഴും ജന്മമേകിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഉണ്ണി യേശു നമുക്ക് കാണിച്ചുതരുന്നത്. ദൈവത്തിൽ ഭീഷണിയല്ല ഉള്ളത്, മറിച്ച് ക്ഷമയാണ്.
പ്രിയപ്പെട്ടവരേ, കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസിസ് പാപ്പാ ആരംഭിച്ച, ശനിയാഴ്ചകളിലെ പൊതുകൂടിക്കാഴ്ചകളിൽ അവസാനത്തേതാണ് ഇന്നത്തേത്. ജൂബിലി അതിന്റെ അവസാനത്തിലേക്കെത്തുകയാണ്, എന്നാൽ ഈ വർഷം നമുക്ക് നൽകിയ പ്രത്യാശ അവസാനിക്കുന്നില്ല: നമ്മൾ പ്രത്യാശയുടെ തീർത്ഥാടകരായി തുടരും! വിശുദ്ധ പൗലോസ് പറഞ്ഞത് നാം ശ്രവിച്ചു: “പ്രത്യാശയിലാണ് നാം രക്ഷ പ്രാപിക്കുന്നത്” (റോമാ. 8, 24). പ്രത്യാശയില്ലെങ്കിൽ നാം മരിച്ചവരാണ്; പ്രത്യാശയുണ്ടെങ്കിൽ നാം പ്രകാശത്തിലേക്ക് എത്തും. പ്രത്യാശ ജന്മമേകുന്നതാണ്. ദൈവികപുണ്യമാണ് പ്രത്യാശ, അതായത്, അത് ദൈവത്തിന്റെ ശക്തിയാണ്, അതുകൊണ്ടുതന്നെ അത് ജന്മമേകുന്നു, കൊല്ലുന്നില്ല, ജനിപ്പിക്കുകയും പുനർജ്ജനിപ്പിക്കുകയും ചെയ്യുന്നു. ഇത് യഥാർത്ഥ ശക്തിയാണ്. ഭീഷണിപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നത് ശക്തിയല്ല, അത് അഹങ്കാരമാണ്, അക്രമാസക്തമായ ഭയമാണ്, ഒന്നും ജനിപ്പിക്കാത്ത തിന്മയാണ്. ദൈവത്തിന്റെ ശക്തി ജനിപ്പിക്കുന്നതാണ്. അതുകൊണ്ട്, ഞാൻ നിങ്ങളോട് അവസാനമായി പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്: പ്രത്യാശിക്കുക എന്നാൽ ജന്മമേകുക എന്നതാണ്.
വിശുദ്ധ പൗലോസ് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചില കാര്യങ്ങൾ റോമിലെ ക്രൈസ്തവർക്ക് എഴുതുന്നുണ്ട്: “സമസ്ത സൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്ന് നമുക്കറിയാം” (റോമാ 8, 22). ഇത് ശക്തമായ ഒരു ചിന്തയാണ്. ഭൂമിയുടെയും പാവപ്പെട്ടവരുടെയും നിലവിളി, കേൾക്കാനും പ്രാർത്ഥനയിൽ കൊണ്ടുവരാനും ഇത് നമ്മെ സഹായിക്കുന്നുണ്ട്. “സമസ്ത” സൃഷ്ടികളും ഒരു നിലവിളിയാണ്. എന്നാൽ പല ശക്തരും ഈ നിലവിളി കേൾക്കുന്നില്ല: ഭൂമിയിലെ സമ്പത്ത് ചുരുക്കം ചില ആളുകളുടെ കൈയ്യിലാണ്, അന്യായമായ രീതിയിൽ അത് അനുദിനം ഭൂമിയുടെയും പാവപ്പെട്ടവരുടെയും നെടുവീർപ്പുകൾ കേൾക്കാൻ പലപ്പോഴും താത്പര്യമില്ലാത്ത ചിലരിലേക്ക് മാത്രമായി ചുരുങ്ങുന്നു സൃഷ്ടലോകത്തിന്റെ സമ്പത്തിൽ ഏവരും പങ്കുപറ്റുന്നതിനുവേണ്ടി, ദൈവം അത് എല്ലാവർക്കുമായാണ് നീക്കിവച്ചത്. നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയാണ്, മോഷ്ടിക്കുകയല്ല. എന്നാൽ, യഥാർത്ഥത്തിൽ ഭൂമിയുടെയും പാവപ്പെട്ടവരുടെയും വേദന, പ്രസവവേദനയ്ക്ക് തുല്യമാണ്. ദൈവം എപ്പോഴും ജന്മമേകുന്നു, എപ്പോഴും സൃഷ്ടിക്കുന്നു. നമുക്കും, പ്രത്യാശയിൽ അവനോടുകൂടെ ജനിപ്പിക്കാൻ സാധിക്കും. ചരിത്രം ദൈവത്തിന്റെയും അവനിൽ പ്രത്യാശ വയ്ക്കുന്നവരുടെയും കൈകളിലാണ്. മോഷ്ടിക്കുന്നവർ മാത്രമല്ല ഉള്ളത്, അതിലേറെ വർദ്ധിപ്പിക്കുന്നവരാണുള്ളത്.
സഹോദരീസഹോദരന്മാരെ, ക്രൈസ്തവ പ്രാർത്ഥന ഇത്രമാത്രം ആഴത്തിൽ മരിയൻ ആണെങ്കിൽ, അതിന് കാരണം, നസ്രത്തിലെ മറിയത്തിൽ, ജനിപ്പിക്കുന്ന നമ്മിലൊരുവളെയാണ് നാം കാണുന്നത് എന്നതാണ്. ദൈവം അവളെ സന്താനപുഷ്ടിയുള്ളവളാക്കുകയും, ഓരോ മകനും അവന്റെ അമ്മയോട് സാമ്യമുള്ളതുപോലെ, അവളുടെ സ്വഭാവസവിശേഷതകളോടെ നമുക്കരികിലേക്ക് വരികയും ചെയ്തു. അവൾ ദൈവത്തിന്റെയും നമ്മുടെയും അമ്മയാണ്. “കരുണയുടെ മാതാവേ സ്വസ്തി” എന്ന പ്രാർത്ഥനയിൽ നാം പറയുന്നതുപോലെ “നമ്മുടെ പ്രത്യാശയാണ്”. അവൾ മകനോട് സാദൃശ്യമുള്ളവളാണ്, മകനാകട്ടെ അവളോട് സാദൃശ്യമുള്ളവനാണ്. നമ്മളാകട്ടെ, ദൈവവചനത്തിന് മുഖവും, ശരീരവും ശബ്ദവും നൽകിയ ഈ അമ്മയോട് സാദൃശ്യരാണ്. നമ്മൾ അവളോട് സാദൃശ്യരാണ്, കാരണം നമുക്ക് ദൈവവചനത്തിന് ഇവിടെ ജന്മമേകാൻ സാധിക്കും, കേൾക്കുന്ന വിലാപത്തെ ഒരു ജനനമാക്കി മാറ്റാൻ സാധിക്കും. യേശു വീണ്ടും ജനിക്കാൻ ആഗ്രഹിക്കുന്നുണ്ട്: നമുക്ക് അവനൊരു ശരീരവും ശബ്ദവും നൽകാം. ഇതാണ് “സൃഷ്ടലോകം പ്രതീക്ഷിക്കുന്ന പ്രജനനം.
പ്രത്യാശിക്കുകയെന്നാൽ ജനിപ്പിക്കുകയെന്നാണ്. പ്രത്യാശിക്കുകയെന്നാൽ ഈ ലോകം ദൈവത്തിന്റെ ലോകമായി മാറുന്നു എന്ന് ഉറപ്പിക്കുകയാണ്: ദൈവവും മനുഷ്യരും, സകല സൃഷ്ടികളും വീണ്ടും ഒരുമിച്ച്, ഉദ്യാനനഗരത്തിൽ, പുതിയ ജറുസലേമിൽ ഒരുമിച്ച് നടക്കുന്ന ഒരു ലോകം. നമ്മുടെ പ്രത്യാശയായ മറിയം, വിശ്വാസത്തിന്റെയും പ്രത്യാശയുടേതുമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ നമ്മെ അനുഗമിക്കട്ടെ.
പ്രഭാഷണത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിച്ച പാപ്പാ, ലത്തീൻ ഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.



