ഷോളി കുമ്പിളുവേലി
ന്യൂയോർക്ക് : അമേരിക്കയിൽ സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം, ഡിസംബർ 27ന് ബ്രോങ്ക്സ് സൈന്റ്‌സ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ആചരിക്കും.
രാവിലെ 10ന് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയിൽ ഷിക്കാഗോ സിറോ മലബാർ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികൻ ആയിരിക്കും. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ സഹകാർമ്മികത്വം വഹിക്കും. ദിവ്യബലിക്കും ഒപ്പീസിനും ശേഷം, പാരിഷ് ഹാളിൽ അനുസ്മരണ യോഗവും നടക്കും. യോഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, വിവിധ വൈദികർ, ആല്മമായ പ്രതിനിധികൾ, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ഇടവക സ്‌ഥാപിക്കുകയും പതിനെട്ടു വർഷത്തിലധികം അതേ ദേവാലയത്തിൽ തന്നെ വികാരിയായി ശുശ്രുഷ ചെയ്തുകയും ചെയ്ത ഫാ. ജോസ് കണ്ടത്തിക്കുടി 2024 ഡിസംബർ 21ന് ന്യൂയോർക്കിൽ വച്ചാണ് അന്തരിച്ചത്. എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ ഉദ്‌ഘാടനവുംഅന്നേദിവസം ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും.



