ഡോ. മാത്യു ജോയിസ്
കോട്ടയത്തു നിന്നുള്ള ഡോ. ആലീസ് മാത്യു, ഡിസംബർ 21, 2025 ന് ജയ്പൂരിൽ, “മിസിസ് ഇന്ത്യ.നെറ്റ്” നടത്തിയ പാജന്റിൽ,”മിസിസ് ഇന്ത്യ 2025 (സൂപ്പർ ക്ലാസിക്)” കിരീടം നേടി.
“മിസിസ് ഇന്ത്യ.നെറ്റ്”എന്ന പ്ലാറ്റ്ഫോം, വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ സൗന്ദര്യം, കഴിവ്, അഭിനിവേശം എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ്. മിസ്സിസ് ദീപാലി ഫഡ്‌നിസ്, “മിസ്സിസ് ഇൻഡ്യാ.നെറ്റിന്റെ സ്ഥാപകയും ഡയറക്ടറുമാണ്. അവർ വിശ്വസിക്കുന്നത്, എല്ലാ സ്ത്രീകളും സുന്ദരികളാണെന്നാണ്. അവർ പറയുന്നു, പ്രായമോ, വലുപ്പമോ, ആകൃതിയോ, ഉയരമോ, അല്ലെങ്കിൽ തൂക്കമോ കണക്കിലെടുക്കാതെ ഏല്ലാ സ്ത്രീകളും സുന്ദരിമാരാണ്.
ഡിസംബർ 18 മുതൽ 21 വരെ നാല് ദിവസത്തേക്ക് മിസിസ് ഇന്ത്യ 2025 മത്സരങ്ങൾ നടത്തി. വിജയിയെ തിരഞ്ഞെടുക്കാൻ നിരവധി റൗണ്ടുകൾ ഉണ്ടായിരുന്നു. മിസിസ് ഇന്ത്യ 2025 ഗ്രാൻഡ് ഫിനാലെ ഡിസംബർ 21 ന് ജയ്പൂരിലെ ജയ്ബാഗ് പാലസിൽ അരങ്ങേറി.

ഡോ. ആലീസ് മാത്യു, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡാ, ലാസ് വെഗാസിൽ നിന്നും വിരമിച്ച പ്രൊഫസറാണ്, ഇപ്പോൾ ഭർത്താവിനൊപ്പം കോട്ടയം കല്ലറയിലെ സെന്റ് മാത്യൂസ് ഹോമിൽ താമസിക്കുന്നു. ഡോ. ആലീസ് മാത്യു ഒരു മോട്ടിവേഷണൽ സ്പീക്കറും പ്രത്യേകിച്ച് പ്രായമായ സ്ത്രീകളെ അവരുടെ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു യൂ ട്യൂബ് ബ്ലോഗർ കൂടിയാണ്.
ഡോ. ആലീസ് മാത്യു തന്റെ 71 മത്തെ വയസ്സിലാണ് ഈ അതിശയിപ്പിക്കുന്ന നേട്ടം കൈവരിച്ചതെന്നതാണ് ഇവിടെ ഏറ്റവും ശ്രധേയമായത്. ഡോ. ആലീസ് മാത്യു വളരെ സ്‌ട്രോങും ധീരയും, ആത്മവിശ്വാസവും, ഉത്സാഹഭരിതയുമായ സ്ത്രീയാണ്. അവരുടെ ധൈര്യവും ആത്മവിശ്വാസവും കാരണം, മിസിസ് ഇന്ത്യ മത്സരത്തിനായി 40 മത്സരാർത്ഥികളുമായി അവർ മത്സരിക്കുകയും “മിസിസ് ഇന്ത്യ 2025 (സൂപ്പർ ക്ലാസിക്)” എന്ന കിരീടം നേടുകയും ചെയ്തു. ഇത് ഒരു അത്ഭുതകരമായ വിജയമാണ്, ഈ വിജയം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകും. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് അവർ തെളിയിച്ചു.



