അബുദാബി: കുടിയേറ്റ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചതിന്റെ പേരിൽ 2025-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24,600-ലേറെ ഇന്ത്യക്കാരെ നാടുകടത്തി. വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. പട്ടികയിൽ സൗദിയാണ് ഒന്നാമത്. 10,884 പേരെയാണ് സൗദിയിൽ നിന്ന് തിരിച്ചയച്ചത്. റിയാദിൽ നിന്ന് 7,019 പേരും ജിദ്ദയിൽ നിന്ന് 3,865 പേരും ഇതിലുൾപ്പെടുന്നു.
ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ കുടിയേറ്റ നിയന്ത്രണങ്ങൾ കടുപ്പിച്ച അമേരിക്കയിൽ നിന്ന് 3,812 ഇന്ത്യക്കാരെയാണ് ഈ വർഷം നാടുകടത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. യുഎഇയിൽ നിന്ന് നാടുകടത്തപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തി. 1,469 പേരെയാണ് യുഎഇ ഇക്കൊല്ലം തിരിച്ചയച്ചത്. 2021-ൽ ഇത് വെറും 358 ആയിരുന്നു. അബുദാബിയിലെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഒട്ടേറെ പേർ രാജ്യം വിട്ടതും ഇക്കൂട്ടത്തിലുണ്ട്. വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത്, തൊഴിൽ അനുമതിയില്ലാതെ ജോലി ചെയ്യുന്നത്, തൊഴിലുടമയിൽ നിന്ന് ഒളിച്ചോടുന്നത്, വ്യാജ ജോലി വാഗ്ദാനങ്ങളിൽ അകപ്പെടുന്നത്, ക്രിമിനൽ അല്ലെങ്കിൽ സിവിൽ കേസുകളിൽ ഉൾപ്പെടുന്നത് തുടങ്ങിയവയാണ് നാടുകടത്തലിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ.
സൈബർ തട്ടിപ്പുകളിൽ കുടുങ്ങി മ്യാൻമർ (1,591), മലേഷ്യ (1,485), കംബോഡിയ (305) എന്നിവിടങ്ങളിൽ എത്തിയവരും നാടുകടത്തപ്പെട്ടവരിൽ വലിയൊരു വിഭാഗമാണ്. അംഗീകാരമില്ലാത്ത റിക്രൂട്ടിങ് ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.



