ലണ്ടൻ∙ അനധികൃത കുടിയേറ്റക്കാർക്കെതിരെയും വിദേശ ക്രിമിനലുകൾക്കെതിരെയുമുള്ള നടപടികൾ ബ്രിട്ടൻ കടുപ്പിക്കുമ്പോൾ അതുമായി സഹകരിക്കാത്ത രാജ്യങ്ങൾക്ക് വീസ വിലക്ക്. ഹോം സെക്രട്ടറി ഷബാന മഹ്മൂദാണ് ട്രംപിന്റെ മാതൃകയിൽ വിദേശ രാജ്യങ്ങളെ വിരട്ടുന്ന നടപടിക്ക് തുടക്കമിട്ടിരിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി) ആണ് ബ്രിട്ടന്റെ ഈ നടപടിക്ക് ഇരയായ ആദ്യത്തെ രാജ്യം. അനധികൃതമായി ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാത്ത പക്ഷം അവിടെനിന്നുള്ള എല്ലാത്തരം വീസ അപേക്ഷകളിലും തുടർനടപടികൾ നിർത്തലാക്കുമെന്നാണ് ഷബാനയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് മാത്രമല്ല, നടപടിയും അവർ ഉടനടി ആരംഭിച്ചു.
വിഐപികൾക്കുള്ള വീസ അപേക്ഷകളിലെ മുൻഗണനയും ഫാസ്റ്റ് ട്രാക്ക് വീസ സംവിധാനവും ഉടനടി പ്രാബല്യത്തോടെ നിർത്തലാക്കിക്കൊണ്ടാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടൻ തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാത്തപക്ഷം അവിടെനിന്നുള്ള എല്ലാ വീസ അപേക്ഷകളുടെയും പ്രോസസിങ് നിർത്തലാക്കുമെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി.
അംഗോള, നമീബിയ തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടന്റെ സമാനമായ വിരട്ടലിനു വഴങ്ങി അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും ഏറ്റുവാങ്ങാൻ സമ്മതിച്ചിട്ടുണ്ട്. ഡി.ആർ.സിക്കും ഈ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങാതെ തരമില്ല. ‘അനധികൃതമായി എത്തുന്നവരെ തിരികെ സ്വീകരിക്കാത്തവർക്ക് നിയമപരമായും ഇങ്ങോട്ടേക്ക് പ്രവേശനമില്ല’– ഇതാണ് ബ്രിട്ടന്റെ പുതിയ നിലപാട്. ബ്രിട്ടനിൽ തുടരാൻ അവകാശമില്ലാത്തവരെ തിരികെ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളും തയാറാകണം.



