ഫ്‌ളോറിഡ: റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉടന്‍ തന്നെ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫ്‌ലോറിഡയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 20 ഇന സമാധാന പദ്ധതിയിന്മേല്‍ നടന്ന ചര്‍ച്ചകളില്‍ 90 ശതമാനം കാര്യങ്ങളിലും ധാരണയായതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെന്‍സ്‌കി അറിയിച്ചു. ഫ്‌ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിലായിരുന്നു നിര്‍ണ്ണായകമായ ഈ കൂടിക്കാഴ്ച നടന്നത്.
യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയില്‍ വലിയ പുരോഗതി ഉണ്ടായതായി ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സുരക്ഷാ ഉറപ്പുകളുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും യോജിച്ചു.
ചര്‍ച്ചകള്‍ ക്രിയാത്മകമാണെങ്കിലും ചില സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഇനിയും ധാരണയിലെത്താനുണ്ട്. പ്രത്യേകിച്ച് ഡോണ്‍ബാസ് മേഖലയില്‍ ഒരു ‘സ്വതന്ത്ര വ്യാപാര മേഖല’ (Free Trade Zone) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു.
ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രെയ്ന്‍, യുഎസ് പ്രതിനിധികള്‍ അടുത്തയാഴ്ച വീണ്ടും യോഗം ചേരും. കൂടാതെ, ജനുവരിയില്‍ വാഷിംഗ്ടണില്‍ യുക്രെയ്ന്‍ – യൂറോപ്യന്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ട്രംപ് സമ്മതിച്ചിട്ടുണ്ട്.



