ന്യൂയോർക്ക്: ന്യൂയോർക്കിലെ ആദ്യ മുസ്‍ലിം മേയറായി ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി അധികാരമേറ്റു. വിശുദ്ധ ഖുർആൻ കൈയിലേന്തിയായിരുന്നു ഡെമോക്രാറ്റ് നേതാവായ മംദാനിയുടെ സത്യപ്രതിജ്ഞ. തനിക്ക് ജീവിത കാലം മുഴുവൻ നീണ്ടുനിൽക്കുന്ന ബഹുമതിയാണ് ഇതെന്ന് സത്യപ്രതിജ്ഞക്കു ശേഷം മംദാനി പ്രതികരിച്ചു. വ്യാഴാഴ്ച അർധരാത്രിയിൽ മാൻഹട്ടനിലെ ചരിത്ര പ്രസിദ്ധമായ സബ്‌വേ സ്റ്റേഷനായ സിറ്റി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ന്യൂയോർക് അറ്റോണി ജനറലാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 34 കാരനായ സൊഹ്റാൻ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി വിഖ്യാത സംവിധായിക മീരാ നായരുടെയും മഹ്മൂന് മംദാനിയുടെയും മകനായി യുഗാണ്ടയിലെ കംപാലയിലാണ് ജനിച്ചത്. ഏഴാംവയസിൽ അദ്ദേഹം കുടുംബത്തോടൊപ്പം ന്യൂയോർക്കിലെത്തി. 2018ൽ സൊഹ്റാന് അമേരിക്കൻ പൗരത്വം ലഭിച്ചു.
നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും അധ്വാനവർഗ പോരാട്ടത്തേയും കുറിക്കുന്നതാണ് സിറ്റി ഹാളെന്ന് മംദാനി പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 10.30നാണ് ന്യൂയോർക്കിൽ പുതുവർഷം പിറന്നത്. ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയർ എന്നതിനു പുറമെ ഏഷ്യൻവംശജനായ ആദ്യ മേയറുമാണ് സൊഹ്റാൻ മംദാനി.
സൊഹ്റാൻ മംദാനിക്കെതിരായ പ്രചാരണത്തിന്റെ തലപ്പത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിൽ ട്രംപ് ഉയർത്തിയ വിമർശനം സൊഹ്റാൻ കുടിയേറ്റക്കാരനാണ് എന്നതായിരുന്നു. സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനിയുടെ ചരിത്ര വിജയം. 51.5 ശതമാനം വോട്ടുകൾ നേടി. കുമോക്ക് 39.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്.



