അജു വരിക്കാട്
വാഷിംഗ്ടൺ ഡി.സി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അതിസാഹസികമായ നീക്കത്തിലൂടെ അമേരിക്കൻ സൈന്യം പിടികൂടി. ശനിയാഴ്ച പുലർച്ചെ നടന്ന അതീവ രഹസ്യമായ ദൗത്യത്തിലൂടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാർക്കോ-തീവ്രവാദ പ്രവർത്തനങ്ങൾ വഴി മേഖലയിലെ സുസ്ഥിരതയ്ക്കും യു.എസ്. ദേശീയ സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നിർണ്ണായക നടപടിയെന്ന് അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. മഡുറോയെയും ഭാര്യയെയും നിലവിൽ വെനസ്വേലയ്ക്ക് പുറത്തെത്തിച്ചിട്ടുണ്ട്.
മഡുറോയുടെ അറസ്റ്റിന് പിന്നിൽ വ്യക്തമായ നിയമപരമായ അടിത്തറയുണ്ടെന്ന് യു.എസ്. അറ്റോർണി ജനറൽ പാം ബോണ്ടി വ്യക്തമാക്കി. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ ഇവർക്കെതിരെ നാർക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി, മാരകമായ ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ഫെഡറൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ പോയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാണ് സൈനിക നടപടി സ്വീകരിച്ചതെന്നും, ഭരണഘടനയുടെ രണ്ടാം ആർട്ടിക്കിൾ പ്രകാരം പ്രസിഡന്റിനുള്ള അധികാര പരിധിയിൽ നിന്നാണ് ഈ ദൗത്യം നടപ്പിലാക്കിയതെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
സൈന്യത്തിന്റെയും നിയമ നിർവ്വഹണ ഏജൻസികളുടെയും ഏകോപിതമായ പ്രവർത്തനത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. അതീവ കൃത്യതയോടെ നടപ്പിലാക്കിയ ഈ ദൗത്യം അമേരിക്കയുടെ ചരിത്രത്തിലെ സുപ്രധാന വിജയമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കുറ്റാരോപിതരായ മഡുറോയെയും ഫ്ലോറസിനെയും അമേരിക്കൻ കോടതികളിൽ വിചാരണ ചെയ്യുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതോടെ വർഷങ്ങൾ നീണ്ട മഡുറോയുടെ ഭരണത്തിന് അന്ത്യമായതായാണ് വിലയിരുത്തപ്പെടുന്നത്.
മഡുറോയ്ക്ക് ശേഷമുള്ള വെനസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് അമേരിക്ക ഇനി ലക്ഷ്യമിടുന്നത്. “സ്വേച്ഛാധിപതി പോയിരിക്കുന്നു, വെനസ്വേലയ്ക്ക് ഇത് പുതിയൊരു പുലരിയാണ്” എന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ പ്രതികരിച്ചു. ഈ സംഭവത്തെ ചരിത്രപരമായ ബർലിൻ മതിൽ തകർച്ചയോടാണ് പ്രതിനിധി കാർലോസ് ഗിമെനെസ് ഉപമിച്ചത്. വരും ദിവസങ്ങളിൽ വെനസ്വേലയിൽ ജനാധിപത്യ ഭരണകൂടം നിലവിൽ വരുന്നതിനായുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് അമേരിക്ക നേതൃത്വം നൽകുമെന്നാണ് സൂചന.



