പ്യോങ്‌യാങ് : വെനസ്വേലയിലെ യുഎസ് നീക്കത്തിനു പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ. ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്താണ് പതിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജേ മ്യുങ് ചൈന സന്ദർശിക്കാനിരിക്കുന്ന വേളയിലാണ് മിസൈൽ പരീക്ഷണം.
തങ്ങളുടെ സഖ്യകക്ഷിയായ വെനസ്വേലയുടെ പ്രസിഡന്റിനെതിരായ യുഎസ് നീക്കം കിം ജോങ് ഉൻ ഭരണകൂടത്തെ അസ്വസ്ഥരാക്കിയെന്നാണ് റിപ്പോർട്ടുകൾ. യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ഭരണമാറ്റ നീക്കത്തെയും ആണവായുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ശക്തമായ സന്ദേശമാണ് മിസൈൽ വിക്ഷേപണത്തിലൂടെ ഉത്തര കൊറിയ നൽകുന്നത്. വെനസ്വേലയിലെ സൈനിക ഇടപെടൽ തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഉത്തരകൊറിയ കരുതുന്നു. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്ന ഉത്തരകൊറിയയുടെ വിശ്വാസം കൂടുതൽ ഉറച്ചിരിക്കുകയാണ്.
പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം അറസ്റ്റ് ചെയ്തത് ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള ഏറ്റവും ഗുരുതരമായ ലംഘനമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വാഷിങ്ടണിന്റെ ക്രൂരവും കിരാതവുമായ സ്വാഭാവമാണ് ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. രാജ്യാന്തര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഇത്തരം അധിനിവേശ നടപടികൾ അംഗീകരിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.



