കറക്കാസ്: ഏറ്റുമുട്ടൽ സ്വരത്തിൽനിന്ന് മലക്കം മറിഞ്ഞ്, അമേരിക്കയുമായി സഹകരണത്തിനും പരസ്പര ബഹുമാനത്തോടെയുള്ള ഉഭയകക്ഷി ബന്ധത്തിനും തയാറാണെന്ന് പ്രഖ്യാപിച്ച് വെനിസ്വേലയയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. ഇതുവരെ പുലർത്തിയ വെല്ലുവിളി നിലപാട് പാടേ മാറ്റിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അനുരഞ്ജനത്തിന് തയാറാണെന്ന സൂചന അവർ നൽകിയത്.
ഇൻസ്റ്റഗ്രാമിൽ ഇംഗ്ലീഷിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഡെൽസിയുടെ നിലപാട് മാറ്റം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പരസ്പര വികസനത്തിന് സഹകരിക്കുന്നതിനുള്ള സന്നദ്ധതയാണ് അവർ പ്രകടിപ്പിച്ചത്. അമേരിക്കൻ ആവശ്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അനുരഞ്ജന സ്വരവുമായി ഡെൽസി റോഡ്രിഗസ് രംഗത്തെത്തിയത്. നേരത്തെ മദൂറോയെ തട്ടിക്കൊണ്ടുപോയതിനെ അവർ ശക്തമായി അപലപിച്ചിരുന്നു. ന്യൂയോർക്കിലെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരുന്ന മദൂറോയെയും ഭാര്യയെയും തിങ്കളാഴ്ച രാത്രി കോടതിയിൽ ഹാജരാക്കി.
അതിനിടെ, വെനിസ്വേലക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോൾ കൊളംബിയ ഭരിക്കുന്നത്. ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ല. കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണിതെന്ന് താൻ കരുതുന്നുവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യു.എസിലേക്ക് കൊക്കെയ്ൻ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയയെന്ന് ട്രംപ് ആരോപിച്ചു.



