ഷിജോ മാത്യു ജോസഫ്
കലിഫോർണിയ: അമേരിക്കയുടെ മണ്ണിൽ മലയാളത്തിന്റെ പൈതൃകം പേറി സൗന്ദര്യമത്സരത്തിൽ മിന്നും വിജയം നേടിയിരിക്കുകയാണ് എലെയ്ൻ സജി കാപ്പാട്ടിൽ. 20 വർഷം മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ എറണാകുളം കച്ചേരിപ്പടി സ്വദേശിയായ ഡയാലിസിസ് ടെക്നീഷ്യനായ സജിയുടെയും പ്രഫസറായ രശ്മി സജിയുടെയും മകളായ എലെയ്ൻ ജനിച്ചതും വളർന്നതും അമേരിക്കൻ മണ്ണിലാണ്. മലയാളത്തിന്റെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്ന ഈ 18 വയസ്സുകാരി മിസ് കാന്യൻ ഹിൽസ് ടീൻ 2025 കിരീടമണിയുകയും തുടർന്ന് മിസ് കലിഫോർണിയ ടീൻ ഫസ്റ്റ് റണ്ണറപ്പ് 2025 നേട്ടം കരസ്ഥമാക്കുകയും ചെയ്തു.

മത്സരാർഥികൾക്കിടയിൽ ദയ, നേതൃത്വമികവ്, പോസിറ്റീവ് മനോഭാവം എന്നിവ പരിഗണിച്ച് നൽകുന്ന അംഗീകാരങ്ങളായ കലിഫോർണിയ സ്റ്റേറ്റ് കൺജെനിയാലിറ്റി അവാർഡും ഹോസ്റ്റസ് അവാർഡും ഇത്തവണ എലെയ്നെ തേടിയെത്തി. കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോ എൻജിനീയറിങ് വിദ്യാർഥിയായ എലെയ്ൻ ആതുരസേവന രംഗത്ത് ഡോക്ടറായി രോഗികളെ ശുശ്രൂഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പിതാവ് സജി മനോരമ ഓൺലൈനിനോട് പറഞ്ഞു.
ഏഴ് വർഷത്തിലധികമായി സംഗീതം പഠിക്കുന്ന എലെയ്ൻ സംഗീതത്തിനൊപ്പം ഭരതനാട്യം ഉൾപ്പെടെയുള്ള ഇന്ത്യൻ ക്ലാസിക്കൽ കലകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സൗന്ദര്യ മത്സരത്തിൽ ചെറുപ്പം മുതലേ പങ്കെടുക്കാൻ ഇഷ്ടം പ്രകടിപ്പിച്ചിരുന്ന എലെയ്ൻ ഫോമ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ കലാതിലകവും 2022ൽ മിസ് ഫോമ ഫസ്റ്റ് റണ്ണറപ്പായി മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.

രാജ്യാന്തര വേദികൾ സ്വപ്നം കാണുന്ന എലെയ്ൻ ഇനിയും കലാരംഗത്ത് കഴിവ് തെളിയിക്കണമെന്ന ആഗ്രഹത്തോടെ മുന്നേറുമ്പോൾ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്.



