വാഷിങ്ടൻ: ഫിലാഡൽഫിയയുടെ പ്രാന്തപ്രദേശത്തുള്ള സെമിത്തേരിക്കു സമീപം, കാറിന്റെ പിൻസീറ്റിൽ അസ്ഥികളും തലയോട്ടികളും കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഏകദേശം നൂറോളം മൃതദേഹാവശിഷ്ടങ്ങൾ മോഷ്ടിച്ചു സൂക്ഷിച്ച ഒരാളെ പൊലീസ് പിടികൂടി. ഇയാളുടെ വീടിന്റെ ഭൂഗർഭ നിലയിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു.
മൗണ്ട് മോറിയ സെമിത്തേരിയിൽ നവംബർ മുതൽ നടന്നുവന്ന കല്ലറ മോഷണങ്ങളെക്കുറിച്ച് മാസങ്ങളായി നടന്ന അന്വേഷണമാണ് ചൊവ്വാഴ്ച രാത്രി 34കാരനായ ജോനാഥൻ ക്രിസ്റ്റ് ഗെർലാക്കിന്റെ അറസ്റ്റിൽ കലാശിച്ചത്. സെമിത്തേരിയിലെ കല്ലറകൾ ബലം പ്രയോഗിച്ച് തുറന്ന നിലയിലായിരുന്നു. പ്രതിയുടെ വീട്ടിലും സ്റ്റോറേജ് യൂണിറ്റിലും നടത്തിയ പരിശോധനയിൽ നൂറിലധികം തലയോട്ടികൾ, കൈകാലുകളിലെ അസ്ഥികൾ, ജീർണിച്ച രണ്ട് ഉടലുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ചില മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിലും ചിലത് അടുക്കിവെച്ച നിലയിലുമായിരുന്നു. വെറും തലയോട്ടികൾ മാത്രമായി ഷെൽഫിലും സൂക്ഷിച്ചിരുന്നു. കല്ലറകളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും ഒരു മൃതദേഹത്തിൽ ഘടിപ്പിച്ചിരുന്ന പേസ്‌മേക്കറും പൊലീസ് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
1855ൽ സ്ഥാപിതമായ മൗണ്ട് മോറിയ സെമിത്തേരിയിലെ പഴയ കല്ലറകളാണ് ജോനാഥൻ ക്രിസ്റ്റ് ലക്ഷ്യമിട്ടിരുന്നത്. 160 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സെമിത്തേരി യുഎസിലെ ഏറ്റവും വലിയ ഉപേക്ഷിക്കപ്പെട്ട ശ്മശാനങ്ങളിൽ ഒന്നാണ്. മോഷണം നടന്ന സമയങ്ങളിൽ പ്രതിയുടെ വാഹനം സെമിത്തേരിക്ക് സമീപം പലതവണ കണ്ടതാണ് ഇയാളെ കുടുക്കാൻ സഹായിച്ചത്. ഒരു കൈക്കോടാലിയും ചാക്കുമായി കാറിലേക്ക് നടന്നുപോകുമ്പോഴാണ് ഇയാൾ പിടിയിലായത്. ചാക്കിനുള്ളിൽ രണ്ട് കൊച്ചു കുട്ടികളുടെ മൃതദേഹങ്ങളും മൂന്ന് തലയോട്ടികളും മറ്റ് അസ്ഥികളും ഉണ്ടായിരുന്നു.



