ജാക്സൺ: അമേരിക്കയിലെ കിഴക്കൻ മിസിസിപ്പിയിലുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് അലബാമ അതിർത്തിക്കടുത്തുള്ള വെസ്റ്റ് പോയിന്റ് പട്ടണത്തിലും പരിസരത്തുമായി അക്രമം നടന്നത്. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വെടിവയ്പ്പ് നടന്നതും മരണങ്ങൾ റിപ്പോർട്ട് ചെയ്തതും.
പ്രതിയെ പിടികൂടിയ കാര്യം ക്ലേ കൗണ്ടി ഷെരീഫ് എഡ്ഡി സ്കോട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രതി നിലവിൽ കസ്റ്റഡിയിലാണെന്നും ഇയാൾ ഇനി ഭീഷണിയല്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. തന്റെ പോസ്റ്റിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ഷെരീഫ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആറ് പേർക്ക് വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ അക്രമം പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഏകദേശം 20,000 ജനസംഖ്യയുള്ള ക്ലേ കൗണ്ടിയിൽ നടന്ന ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇരകളുടെ വിശദാംശങ്ങളും വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ പങ്കുവെക്കുമെന്ന് അധികൃതർ അറിയിച്ചു.



