വാഷിങ്ടൺ: അമേരിക്കൻ സർക്കാരിന്റെ കൈവശമുള്ള വെനിസ്വേലൻ എണ്ണ വരുമാനം സ്വകാര്യ കടക്കാർ പിടിച്ചെടുക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘അമേരിക്കൻ, വെനിസ്വേലൻ ജനതയുടെ നന്മക്കായി വെനിസ്വേലൻ എണ്ണ വരുമാനം സംരക്ഷിക്കൽ’ എന്ന പ്രഖ്യാപനത്തിലൂടെയാണ് ഇത് നടപ്പിലാക്കിയത്.
വെനിസ്വേലൻ എണ്ണ വരുമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് വെനിസ്വേലയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യു.എസിന്റെ ദേശീയ സുരക്ഷയെയും വിദേശനയത്തെയും സാരമായും ദോഷകരമായും ബാധിക്കുമെന്നും വെള്ളിയാഴ്ച വൈകുന്നേരം ഒപ്പുവച്ച ഉത്തരവിൽ ട്രംപ് പറഞ്ഞു.
അതനുസരിച്ച്, വിദേശ ഗവൺമെന്റ് ഡെപ്പോസിറ്റ് ഫണ്ടുകളുടെ സംരക്ഷണം അമേരിക്കക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ വിദേശ ഗവൺമെന്റ് ഡെപ്പോസിറ്റ് ഫണ്ടുകൾ കണ്ടുകെട്ടാനോ ജുഡീഷ്യൽ നടപടിക്രമങ്ങൾ ഏർപ്പെടുത്താനോ ഉള്ള സാധ്യത അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയത്തിനും അസാധാരണമായ ഭീഷണിയായി ഞാൻ കാണുന്നു. അതിന്റെ ഉറവിടം പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ യുനൈറ്റഡ് സ്റ്റേറ്റ്സിന് പുറത്താണ്. ആ ഭീഷണിയെ നേരിടാൻ ഞാൻ ഇതിനാൽ ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു’ എന്ന് ട്രംപ് ഉത്തരവിൽ പറയുന്നു.



