Tuesday, January 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഎഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

എ.എസ് ശ്രീകുമാര്‍

കൊച്ചി: മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും അനുവാചകരും സംഗമിച്ച വേദിയില്‍ അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ മലയാളി നടത്തിയ 2025-ലെ ചെറുകഥാ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കപ്പെട്ടു. കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലോകോത്തര ഓങ്കോളജിസ്റ്റും അമേരിക്കയില്‍ മലയാള ഭാഷയുടെ അംബാസിഡറുമായ ഡോ. എം.വി പിള്ളയുടെയും മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയുടെയും സാന്നിധ്യം അനുഗ്രഹീതമായി.

പ്രോട്ടോടൈപ്പില്‍ നിന്ന് സ്വതന്ത്ര ചിന്തയിലേയ്ക്ക് വഴിമാറിയ എഴുത്തുകാരെ വാര്‍ത്തെടുക്കാന്‍ ഈ രചനാ മല്‍സരത്തിലൂടെ ഇ മലയാളിക്ക് കഴിഞ്ഞുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡോ. എം.വി പിള്ള പറഞ്ഞു. മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ ‘വാസനാവികൃതി’ എഴുതിയ പത്രപ്രവര്‍ത്തകനും ഉപന്യാസകാരനും നിരൂപകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ കാലത്ത് ആരംഭിച്ച ചെറുകഥാ പ്രസ്ഥാനം ഇന്നും ശക്തിയാര്‍ജിച്ച് നില്‍ക്കുന്നുവെന്നും ഇന്റര്‍നെറ്റിലൂടെ അത് വിശ്വസാഹിത്യത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ നിറസാന്നിധ്യമറിയിച്ചിരിക്കുന്നുവെന്നും ഡോ. എം.വി പിള്ള ചൂണ്ടിക്കാട്ടി.

സാഹിത്യത്തില്‍ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കണ്‍സ്യൂമറിസമാണ് ‘ആമസോണ്‍ ഡിക്‌റ്റേറ്റ്‌സ്’ എന്നത്. എഴുത്തില്‍ നിന്ന് വരുമാനം ആഗ്രഹിക്കുന്നവര്‍ ഈ ഉപഭോഗപരതയുടെ മാനദണ്ഡങ്ങള്‍ മനസിലാക്കേണ്ടതാണ്. ആത്മാവിഷ്‌കാരത്തിന്റെ നിര്‍വൃതി സാംസ്‌കാരിക തലത്തില്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിറ്റി ലോകഭാഷകളിലൂടെ നമ്മുടെ ഭാവനയെ പുനരുജ്ജീവിപ്പിക്കുന്നു. എങ്കിലും കേരളീയത്വം കൈമോശം വരാതിരിക്കാന്‍ നമ്മുടെ ചിന്തയുടെയും നിരീക്ഷണത്തിന്റെയും വാതിലുകള്‍ തുറന്നിടണമെന്നും മണ്ണില്‍ പാദങ്ങളുറപ്പിച്ച് നില്‍ക്കണമെന്നും ഡോ. എം.വി പിള്ള ഉദ്‌ബോധിപ്പിച്ചു.

എഴുത്തുകാരുടെ ക്രിയേറ്റിവിറ്റി നിയന്ത്രിക്കുന്ന ചാറ്റ്ജിപിറ്റിയുടെ ശിഷ്യനാണ് താനെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സക്കറിയ പറഞ്ഞു. ജാതീയമായ അടിസ്ഥാനത്തില്‍ സാഹിത്യ സംഘടനകള്‍ രൂപീകരിക്കപ്പെടുന്ന ആധുനിക കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആരാധനാലയങ്ങളെ ചുറ്റിപ്പറ്റിയുള്ള സാംസ്‌കാരിക കൂട്ടായ്മകളെയാണ് ഇപ്പോള്‍ കാണുന്നത്. വര്‍ഗീയമായ ഈ അധഃപതനം ജീവിതം ദുസ്സഹമാക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ അടിത്തറ പൊളിഞ്ഞാല്‍ കഠിനമായ ഒരു ഭാവിയെയായിരിക്കും അഭിമുഖികരിക്കേണ്ടിവരികയെന്ന് സക്കറിയ അഭിപ്രായപ്പെട്ടു.

ഉത്തരാധുനികത പോലും പഴഞ്ചനായി മാറിയ സാഹചര്യത്തില്‍ അതിനിടയിലൂടെ എഴുത്തിന്റെ പുത്തന്‍ പാത വെട്ടിത്തെളിച്ച പുരസ്‌ക്കാര ജേതാക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന മതവിശ്വാസിയുടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് പറയുന്ന ഈ കാലഘട്ടത്തില്‍ മലയാളിയുടെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇ മലയാളിയുടെ സാഹിത്യ സംബന്ധിയായ മുന്നേറ്റങ്ങള്‍ സ്വന്തം ഭാഷയെ ലോകത്തിന്റെ നിറുകയിലേക്കെത്തിക്കുന്നതാണെന്ന് സക്കറിയ ആശംസിച്ചു.

നാടിന്റെ നാവാണ് എഴുത്ത് എന്നും സത്യവും ധര്‍മ്മവും ഈശ്വരവിശ്വാസവുമാണ് മലയാളിയെ ലോകമെമ്പാടും എത്തിച്ച് വിജയം വെട്ടിപ്പിടിക്കാന്‍ പ്രാപ്തരാക്കുന്നതെന്നും പ്രശസ്ത ഗായികയും എം.എല്‍.എയുമായ ദലീമ ജോജോ പറഞ്ഞു. താന്‍ പാടുമ്പോള്‍ ആ എഴുത്തിന്റെ വരികളിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ പ്രക്രിയ പൂര്‍ണമാകുന്നതെന്ന് ദലീമ ജോജോ പറഞ്ഞു. ”ഒരു കോടി വ്യഥകളുടെ നടുവില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയപ്പോഴും ജാതിമതഭേദമെന്യെ ഒറ്റക്കെട്ടായി സഹവര്‍ത്തിത്വത്തോടെ ഏവരും ജീവിക്കണമെന്ന പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഇ മലയാളിക്ക് ആശംസകള്‍…” ദലീമ ജോജോ പറഞ്ഞു.

എഴുത്തിലേക്ക് പുതിയ വഴി വെട്ടിത്തെളിച്ചു വന്നവരെ അഭിനന്ദിക്കുന്നുവെന്നും പ്രവാസത്തിന്റെ ഗൃഹാതുരത്വത്തില്‍ നിന്നാണോ എഴുത്തിലേക്ക് താന്‍ കടന്നു വന്നത് എന്നറിയില്ലെന്നും ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’ എന്ന ശ്രദ്ധേയമായ പുസ്തകമെഴുതിയ പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ പ്രൊഫ. ബാബു എബ്രഹാം പറഞ്ഞു. മനുഷ്യനെ നിര്‍വചിക്കുന്നത് ഒരിക്കലും മതങ്ങള്‍ ആവരുത്. മതങ്ങള്‍ വരച്ചിട്ടിരിക്കുന്ന ചതുരക്കളങ്ങള്‍ വിട്ട് മറ്റൊരു കളത്തിലേക്ക് മാറിപ്പോയി ചേര്‍ത്തു പിടിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യനാവുന്നത്. കമ്പിളികണ്ടത്തെ കല്‍ഭരണികളില്‍ ഇല്ലായ്മകളുടെ വാചാലത ഇല്ല. പക്ഷേ, പ്രത്യാശയുടെ സുവിശേഷമുണ്ടെന്ന് പ്രൊഫ. ബാബു എബ്രഹാം വ്യക്തമാക്കുന്നു.

തുടര്‍ന്ന് ഇ മലയാളിയുടെ 2025-ലെ ആഗോള ചെറുകഥ മത്സര വിജയിക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യപ്പെട്ടു. 50,000 രൂപയുടെ ഒന്നാം സമ്മാനം രണ്ടു പേര്‍ പങ്കിട്ടു. ഇ സന്ധ്യ (വയലറ്റ് നിറമുള്ള പാമ്പുകള്‍), ശ്രീകുമാര്‍ ഭാസ്‌കരന്‍ (ലാസ്റ്റ് സപ്പര്‍) എന്നിവര്‍ക്ക് ഡോ. എം.വി പിള്ള പുരസ്‌കാരം നല്‍കി. 25,000 രൂപയുടെ രണ്ടാം സമ്മാനത്തിന് രാജേശ്വരി ജിയുടെ ‘മരിയയുടെ ചില സങ്കടങ്ങള്‍’ അര്‍ഹമായി. പതിനൊന്ന് പേര്‍ക്ക് ജൂറി സമ്മാനവും മൂന്ന് പേര്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചു.

ജൂറി സമ്മാനം: റഹിമാബി മൊയ്ദീന്‍ (അകം പുറം), അനീഷ് ചാക്കോ (ഷാര്‍ക്ക് ഗെയിംസ്), ജെസി ജിജി (കാലം തെറ്റി പൂത്ത കണിക്കൊന്നകള്‍), ജോണ്‍ വേറ്റം (അയല്‍ക്കാരന്റെ സ്‌നേഹം), രമ പിഷാരടി (പക്ഷിക്കൂട്ടം), മേഘനാഥന്‍ (ഭാഗ്യതെരുവ്), ദീപ നാരായണന്‍ (വൃദ്ധാലയം), ശ്രീലേഖ എല്‍. കെ. (തഹസില്‍ദാരുടെ ഭാര്യ), ആന്‍സി സാജന്‍ (കാസയും പിലാസയും), കെ.ബി. പവിത്രന്‍ (താക്കോല്‍ ദ്വാരത്തിലെ റോസാപ്പൂവ്), ഗിരീഷ് രാജ സി (മെര്‍ജെര്‌സ് & അക്വിസിഷന്‍സ്). സ്‌പെഷല്‍ ജൂറി സമ്മാനം: സുദര്‍ശന്‍ കോടത്ത് (അന്‍സിദ ഗില്‍ബറ്റി), രമ്യ രതീഷ് (ബെല്‍), ചിഞ്ചു തോമസ് (മണിമലയാര്‍)

കര്‍മഭൂമിയിലും ജന്മഭൂമിയിലും മലയാള ഭാഷയെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്താനുള്ള ഉള്‍ക്കടമായ ആഗ്രഹത്തിന്റെയും കടമയുടെയും ഭാഗമായാണ് ആഗോള മലയാളികള്‍ക്കായി ഇ മലയാളി വര്‍ഷം തോറും ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് രാജു പള്ളത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇ മലയാളി എഡിറ്റര്‍ ഇന്‍ ചീഫ് ജോര്‍ജ് ജോസഫ് സ്വാഗതം ആശംസിച്ചു. സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ മാത്യു വര്‍ഗീസ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments