അജു വാരിക്കാട്
ഹൂസ്റ്റൺ: ജനുവരി 10-ന് മിസോറി സിറ്റിയിലെ ‘ദി ടീഹൗസ് ടാപ്പിയോക്ക ആൻഡ് ടീ’യിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്) 2026-ലെ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിമൻസ് ഫോറം സംഘടിപ്പിച്ച “An Evening of Boba, Crocheting and Games” എന്ന പരിപാടി ശ്രദ്ധേയമായി.
ക്രോഷെ (തുന്നൽ) വർക്ക്ഷോപ്പ്, ബോബ ടീ നിർമ്മാണം, വിവിധ വിനോദ പരിപാടികൾ എന്നിവ കോർത്തിണക്കി നടത്തിയ ഈ സായാഹ്നം പുതിയ അറിവുകൾ പങ്കുവെക്കുന്നതിനൊപ്പം അംഗങ്ങൾക്കിടയിൽ സൗഹൃദം പുതുക്കാനുള്ള വേദിയുമായി. മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിശീലന പരിപാടിക്ക് ക്ലാരമ്മ മാത്യൂസ്, റീന സാജു, ഡോ. ചി എന്നിവർ നേതൃത്വം നൽകി.

ഫോർട്ട് ബെൻഡ് കൗണ്ടി ക്യാപ്റ്റൻ മനോജ്കുമാർ പൂപ്പാറയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാഗ് പ്രസിഡന്റ് റോയ് മാത്യു, വൈസ് പ്രസിഡന്റ് ഷിനു എബ്രാം, സെക്രട്ടറി വിനോദ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറ്റുപുറം, ജോയിന്റ് ട്രഷറർ ജീവൻ സൈമൺ, പി.ആർ.ഒ സുബിൻ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും മുൻ വിമൻസ് ഫോറം പ്രതിനിധി രേഷ്മ വിനോദും പരിപാടിയുടെ ഭഗവാക്കായി പ്രവർത്തിച്ചു.

വിമൻസ് ഫോറം പ്രതിനിധികളായ അനില സന്ദീപ്, ബനീജ ചേരു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്. മാഗ് 2026 പ്രവർത്തന വർഷത്തിന്റെ തുടക്കം തന്നെ ഇത്രയും ഊർജ്ജസ്വലമായതിൽ ഭാരവാഹികൾ സംതൃപ്തി രേഖപ്പെടുത്തി. പരിപാടിക്ക് വേദിയൊരുക്കിയ ‘ദി ടീഹൗസ്’ ഉടമകളായ ലാൻഡൻ, ഡോ. ചി എന്നിവർക്ക് സംഘാടകർ പ്രത്യേകം നന്ദി അറിയിച്ചു.



