പി.പി ചെറിയാൻ
സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ 124 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 434 ആയി ഉയർന്നു.
രോഗബാധിതരിൽ ഭൂരിഭാഗവും (398 പേർ) 17 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. അപ്‌സ്റ്റേറ്റ് മേഖലയിലാണ് പടർച്ച രൂക്ഷമായിരിക്കുന്നത്.
നിലവിൽ 400-ലധികം ആളുകൾ ക്വാറന്റൈനിലും 17 പേർ ഐസൊലേഷനിലും കഴിയുകയാണ്.
രോഗം ബാധിച്ച 434 പേരിൽ 378 പേരും വാക്സിൻ എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. അഞ്ചാംപനിയെ തടയാൻ MMR വാക്സിൻ രണ്ട് ഡോസ് എടുക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം.
ജനുവരി 2-ന് കൊളംബിയയിലെ സൗത്ത് കരോലിന സ്റ്റേറ്റ് മ്യൂസിയം സന്ദർശിച്ചവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.
പനി, ചുമ, ജലദോഷം, കണ്ണ് ചുവപ്പ് എന്നിവയ്ക്ക് പിന്നാലെ ശരീരത്തിൽ തിണർപ്പുകൾ ഉണ്ടാകുന്നതാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. അയൽസംസ്ഥാനമായ നോർത്ത് കരോലിനയിലും അഞ്ചു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



