ന്യൂയോർക്ക്: യു.എസ് നയങ്ങളിൽ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾ കാൻസൽ ചെയ്യാനുള്ള ആഹ്വാനം ടൂർണമെന്റിന്റെ നിലനിൽപിനെ ബാധിക്കുമോ? സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്ത് ഇതിന്റെ അപായസൂചനകൾ മുഴങ്ങിക്കഴിഞ്ഞു. 2026ൽ യു.എസ്, കനഡ, മെക്സികോ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്.
യു.എസിലെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് എടുത്തവർ അവ റദ്ദാക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ പടർന്ന ബഹിഷ്‍കരണ ആഹ്വാനത്തിന് ഏറെ പിന്തുണയാണ് ലഭിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഇതിനകം ടിക്കറ്റുകൾ കാൻസൽ ചെയ്തത്.
2026 ജൂൺ 11ന് തുടങ്ങി ജൂലൈ 19ന് അവസാനിക്കുന്ന ലോകകപ്പിൽ ഇക്കുറി 104 മത്സരങ്ങളാണുള്ളത്. ഇതിൽ 78 മത്സരങ്ങളും യു.എസിലാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 6-7 മില്യൺ ടിക്കറ്റുകളാണ് യഥാർഥത്തിൽ ഉള്ളതെന്നിരിക്കേ, 150 മില്യൺ അപേക്ഷകൾ ടിക്കറ്റിനായി എത്തിയിട്ടുണ്ടെന്ന് ഡിസംബറിൽ ഫിഫ അധികൃതർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, യു.എസിലെ ആഭ്യന്തര പ്രശ്നങ്ങൾക്കു പുറമെ, യു.എസുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്ന നിരവധി വിവാദങ്ങളും ടിക്കറ്റ് കാൻസൽ ചെയ്യുന്നതിനായി ആളുകളെ പ്രേരിപ്പിക്കുകയാണ്. അപേക്ഷകളുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 16,800 പേർ തങ്ങളുടെ ടിക്കറ്റുകൾ കാൻസൽ ചെയ്തതായി റോയൽ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 24 മണിക്കൂറിനകമാണ് ഇതിൽ സിംഹഭാഗവും കാൻസൽ ചെയ്തത്.
ടിക്കറ്റ് കാൻസലേഷൻ കുതിച്ചുയർന്നതോടെ ആശങ്കാകുലരായ ഫിഫ അധികൃതർ അടുത്ത ദിവസം അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്.



